സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 9 വര്‍ഷം. മലയാള സിനിമാ സംഗീതത്തിന് ഗൃഹാതുരത്വത്തിന്റെയും സ്വരമാധുരിയുടേയും പുതിയ ഭാവം നല്‍കിയ സംഗീതജ്ഞനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. 1978ല്‍ ആരവം എന്ന ചിത്രത്തിലൂടെ സിനിമാസംഗീതലോകത്തെത്തിയ അദ്ദേഹം 1981ല്‍ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി. പിന്നീട് മലയാളി കേട്ടതൊക്കെ ആ മാന്ത്രിക സ്പര്‍ശമുള്ള ഈണങ്ങളായിരുന്നു.
” സിനിമാക്കാരുടെ സ്ഥിരം ജാഡകളും, ഞാനെന്ന ഭാവവുമില്ലാത്ത ഒരു സാധാരണക്കാരനായിരുന്നു ജോണ്‍സണ്‍ മാഷെന്ന് ഡയറക്ടര്‍ എംഎ നിഷാദ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു” .
എംഎ നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഓര്‍മ്മകളില്‍ എന്നും…
മലയാളത്തിന്റ്‌റെ സ്വന്തം സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 9 വര്‍ഷങ്ങള്‍..
അദ്ദേഹവുമായി വ്യക്തിപരമായി എനിക്കൊരുപാട് അടുപ്പമുണ്ടായിരുന്നു …
ഞാനാദ്യം നിര്‍മ്മിച്ച സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത്,മമ്മൂട്ടി,ശ്രീനിവാസന്‍,തിലകന്‍ ചേട്ടനുള്‍പ്പടെയുളളവര്‍ അഭിനയിച്ച ”ഒരാള്‍ മാത്രം” എന്ന ചിത്രത്തിന്റ്‌റെ സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷായിരുന്നു..ചൈത്ര നിലാവിന്റ്‌റെ എന്നാരംഭിക്കുന്ന കൈതപ്രത്തിന്റ്‌റെ വരികള്‍ക്ക് ,മാഷിന്റ്‌റെ ഹാര്‍മോണിയത്തില്‍ അദ്ദേഹത്തിന്റ്‌റെ മാന്ത്രിക വിരലുകളാല്‍ പാട്ട് ചിട്ടപ്പെടുത്തിയത് ഇന്നും മായാതെ മനസ്സില്‍ നില്‍ക്കുന്നു…
AVM റിക്കാര്‍ഡിംഗ് സ്റ്റുഡിയോയുടെ വരാന്തയില്‍,രാജാമണിചേട്ടനുമായി സിഗററ്റും വലിച്ച് നൊട്ടേഷന്‍സ് കൊടുക്കുന്ന ജോണ്‍സന്‍ മാഷ്…അദ്ദേഹത്തെ ഞാന്‍ ആദ്യം കാണുന്നത് ആ വരാന്തയിലാണ്..
സിനിമാക്കാരുടെ സ്ഥിരം ജാഡകളും, ഞാനെന്ന ഭാവവുമില്ലാത്ത ഒരു സാധാരണക്കാരനായ ഗ്രാമീണണ്‍..അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റ്‌റെ പാട്ടുകളില്‍ ഗ്രാമത്തിന്റ്‌റെ നന്മയുടെ ശീലുകളും നാടന്‍ പാട്ടിന്റ്‌റെ താളവും,ഗൃഹാതുരത്വത്തിന്റ്‌റെ ലയവും കടന്ന് വരുന്നത്…
”മൗനത്തിന്‍ ഇടനാഴിയില്‍,നില്‍പ്പൂ നീ ജനുമൃതികള്‍ക്കകലേ,പവിഴം പോല്‍ പവിഴാധരം പോല്‍,കണ്ണീര്‍ പൂവിന്റ്‌റെ കവിളില്‍ തലോടി,ദേവീ ആത്മരാഗം,മൈനാഗ പൊന്‍മുടിയില്‍,കുന്നിമണി ചെപ്പ് തുറന്ന് എണ്ണി നോക്കും നേരം…അങ്ങനെ എത്രയെത്ര ഗാനങ്ങള്‍…എണ്ണിയാല്‍ തീരില്ല…സംഗീതത്തിന് മരണമില്ല…സംഗീതജ്ഞര്‍ക്കും…അവര്‍ എന്നും ജീവിക്കും,അവരുടെ പാട്ടുകളിലൂടെ…ജോണ്‍സന്‍ മാഷ് ഇന്നും നമ്മോടൊപ്പമുണ്ട്..