വീണ്ടും വെള്ളിത്തിരയില്‍ ഇതിഹാസ കഥാപാത്രമാകാന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ്. ബോളിവുഡ് ചിത്രം തന്‍ഹാജിയുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് സിനിമ ഒരുക്കുന്നത്- എഎന്‍ഐ റിപ്പോര്‍ട്ട്. ത്രിഡി ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് ‘ആദിപുരുഷ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസ്- ഓം റൗട്ട് കൂട്ടുകെട്ടിലൊരുങ്ങുന്ന ആദിപുരുഷിന്റെ പോസ്റ്റര്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പ്രഭാസ് നായകനാകുന്ന 22-മത്തെ ചിത്രമാണിത്. 3d ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം 2022 ലാകും പുറത്തിറങ്ങുക. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയം എന്ന കുറിപ്പോടെയാണ് താരം പോസ്റ്റര്‍ പങ്കുവെച്ചത്.
തന്നെ തേടിയെത്തുന്ന ഓരോ കഥാപാത്രങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ആദിപുരുഷിലെ കഥാപാത്രം വലിയ ഉത്തരവാദിത്വവും അതിനേക്കാള്‍ ഉപരി അഭിമാനവും ഉള്ളതാണെന്നും പ്രഭാസ് പറഞ്ഞു. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്ന രാധേ ശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ സിനിമ കൂടിയാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഹിന്ദിയിലും തെലുങ്കിലുമാണ് സിനിമ ഒരുങ്ങുന്നത്. തമിഴ്, മലയാളം, മറ്റു വിദേശഭാഷകള്‍ ഇവയിലേക്ക് ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കുന്നുമുണ്ട്. ചിത്രത്തില്‍ പ്രഭാസിന്റെ പ്രതിനായകനായി വേഷമിടുന്നത് ബോളിവുഡ് താരമാണെങ്കിലും അതാരായിരിക്കുമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2022 ല്‍ ചിത്രം തീയറ്ററുകളിലെത്തും.
ഇന്ത്യന്‍ ഇതിഹാസ കഥ അതിമനോഹരമായ ദൃശ്യ സമ്പത്തോടെ അനുഭവിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുക്കുകയാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രമെന്നാണ് നിര്‍മ്മാതാവ് ഭൂഷണ്‍ കുമാര്‍ പറഞ്ഞു. ആദിപുരുഷ് പ്രേക്ഷകര്‍ക്ക് ഇതുവരെ ലഭിക്കാത്ത ആസ്വാദന അനുഭവം സമ്മാനിക്കുമെന്ന് സംവിധായകന്‍ ഓം റൗട്ട് പറഞ്ഞു.