വെല്ലിങ്ടണ്‍: മൂന്ന് മാസത്തിന് ശേഷം വീണ്ടും കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ ആശങ്കയിലാണ് ന്യൂസിലന്റ്. വ്യാഴാഴ്ച 13 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 102 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.
പുതിയ ക്ലസ്റ്ററില്‍ 17 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് അറിയുന്നത്. കോവിഡ് ഉറവിടം കണ്ടെത്താന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ ഓക്ക്‌ലന്റില്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. കോവിഡ് കേസുകള്‍ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ആരോഗ്യവിഭാഗവും അറിയിച്ചിട്ടുണ്ട്.
‘കോവിഡുമായുള്ള ആദ്യ അനുഭവത്തില്‍ നിന്നും നാമെല്ലാവരും കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഒരു ക്ലസ്റ്റര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അതിന്റെ വളര്‍ച്ച തടയാന്‍ നമുക്കാവണം. ഇവിടെയും അങ്ങനെ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം’എന്നാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പുതിയ കോവിഡ് വ്യാപനത്തെ കുറിച്ച് പ്രതികരിച്ചത്.
നേരത്തെ കോവിഡ് കൈകാര്യം ചെയ്ത ന്യൂസിലന്റിന്റെ രീതിയെ ലോകം പ്രശംസിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി സാധാരണ നിലയിലായിരുന്നു രാജ്യം. ഒരു കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 102 ദിവസമായിരുന്നു കടന്നുപോയത്.
എന്നാല്‍ ചൊവ്വാഴ്ച ഓക്ലന്റിലെ നാലംഗ കുടുബത്തിലാണ് കോവിഡ് രണ്ടാമതും റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ യാത്ര പശ്ചാത്തലമൊന്നും ഇവര്‍ക്കുണ്ടായിരുന്നില്ല. വ്യാഴാഴ്ച 13 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ന്യൂസിലാന്റിലെ ആരോഗ്യ ഡയറക്ടര്‍ ഡോ. ആഷ്ലി ബ്ലൂംഫീല്‍ഡ് അറിയിക്കുകയായിരുന്നു. നാലംഗ കുടുംബത്തില്‍ നിന്നാണ് 13 പേരിലേക്ക് പടര്‍ന്നതെന്നാണ് നിഗമനം. അതേസമയം വൈറസ് ഉറവിടം എവിടെ നിന്നാണെന്ന് തിരിച്ചറിയാനാകാത്തതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.