ന്യൂയോര്‍ക്ക്: ഇറാനെതിരെ ആയുധ ഉപരോധം നീട്ടാനുള്ള വോട്ടെടുപ്പ് ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇന്ന് ആഗസ്ത് 14 ലെ യോഗത്തില്‍ ഫലം പ്രഖ്യാപിക്കും – റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. വീറ്റോ ശക്തികളായ റഷ്യ – ചൈന എതിര്‍പ്പിനിടെയാണ് ഇറാനെതിരെ യുഎസ് നീക്കം. കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയിലാണ് 15 അംഗ കൗണ്‍സില്‍ യോഗം. അതിനാല്‍ അംഗരാഷ്ട്രങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.
ഇറാന്, റഷ്യ, ചൈന, ജര്‍മ്മനി, ബ്രിട്ടന്, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ആണവ കരാര്‍ പ്രകാരം 13 വര്‍ഷം പഴക്കമുള്ള ആയുധ നിരോധനം ഒക്ടോബറില്‍ കാലഹരണപ്പെടും. 2015ലെ ഇറാനുമായുള്ള ആണവ കരാറില്‍ ദുരിതാശ്വാസ സഹായ ഉപരോധങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. പകരം ടെഹ്റാനെ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ഈ കരാര്‍ തടയുന്നു.
കൂടുതല്‍ കൗണ്‍സില്‍ പിന്തുണ നേടുന്നതിനായി അമേരിക്ക കരട് പ്രമേയം നാല് ഖണ്ഡികകളായി ചുരുക്കി. ടെഹ്റാനെതിരെ ആയുധ നിരോധനം നീട്ടിക്കൊണ്ടു പോകുന്നിലാണ് യുഎസ് പ്രമേയത്തിന്റെ ഊന്നല്‍. സുരക്ഷാ സമിതി തീരുമാനമെടുക്കുന്നതുവരെ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ഇറാനെതിരെ ആയുധ ഉപരോധം അത്യാവശ്യമാണെന്നതാണ് യുഎസ് നിലപാട്.
യുഎസ് നീക്കം പക്ഷേ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് നയതന്ത്രജ്ഞരും നയതന്ത്ര വിദഗ്ധരും പറയുന്നു. പ്രമേയം അംഗീകരിക്കപ്പെടുന്നതിന് കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും അനുകൂലമായി ആവശ്യമുണ്ട്. റഷ്യ, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടന് ഫ്രാന്‍സ് എന്നിവരുടെ വീറ്റോകളും പാടില്ല. സുരക്ഷാ കൗണ്‍സിലില്‍ അമേരിക്ക പരാജയപ്പെട്ടാല്‍ ആണവ കരാറിലെ ഒരു പ്രത്യേക വ്യവസ്ഥ ഉപയോഗിച്ച് ഇറാനെതിരായ എല്ലാ യുഎന്‍ ഉപരോധങ്ങളും തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ട്രമ്പ് ഭരണകൂടം ഭിഷണിപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയം.
2018 ല്‍ വാഷിംഗ്ടണ്‍ കരാറില്‍ നിന്ന് പിന്മാറിയിരുന്നു. അതേ സമയം ട്രമ്പ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ നീക്കം ഇതിനകം ദുര്‍ബലമായ ആണവ കരാറിനെ കൂടുതല്‍ ദുര്‍ബ്ബലമാക്കും. ഇറാനെതിരായ എല്ലാ യുഎന്‍ ഉപരോധങ്ങളും തിരിച്ചു കൊണ്ടുവരുവാനുള്ള യു എസ് നീക്കത്തെ റഷ്യ, ചൈന തുടങ്ങിയ സുരക്ഷാകൗണ്‍സില്‍ അംഗങ്ങള്‍ എങ്ങനെ തടയാന്‍ ശ്രമിക്കുമെന്നതില്‍ ഇനിയും വ്യക്തതയായില്ല.
ഇറാനെതിരെ മുഴുവന്‍ ഉപരോധ ങ്ങളും തിരിച്ചുകൊണ്ടുവരികയെന്ന യുഎസ് നീക്കം കഠിനവും കുഴപ്പംപിടിച്ചതാണെന്നുമുള്ള നയതന്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉപരോധത്തിന്റെ സ്നാപ്പ്ബാക്കിന് (തിരിച്ചു കൊണ്ടുവരല്‍ ) വാഷിംഗ്ടണിന് നിയമപരമായി കഴിയില്ലെന്നാണ് പല രാജ്യങ്ങളുടെയും വാദം. അതിനാല്‍ ട്രമ്പ് പ്രതീക്ഷിക്കുമ്പോലെ ഇറാനെതിരായ നടപടികള്‍ ഏറെ എളുപ്പത്തില്‍ വീണ്ടും നടപ്പാകില്ലെന്നും അവര്‍ പറയുന്നു.