ഇഞ്ചുറി ടൈമില്‍ നേടിയ ഇരട്ട ഗോളിന്റെ ബലത്തില്‍ പിഎസ്ജി ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ കടന്നു. ഒന്നിനെതിരെ രണ്ട് ഗോലുകള്‍ക്കാണ് പിഎസ്ജി ജയിച്ചത്. 25 വര്‍ഷത്തിനിടെ ആദ്യമായാണ് പിഎസ്ജി ചാംപ്യന്‍സ് ലീഗ് സെമിയില്‍ കടക്കുന്നത്.
90-ാം മിനിറ്റുവരെ മുന്നില്‍ നിന്ന അറ്റ്‌ലാന്റ ഒറ്റ നിമിഷം കൊണ്ട് പിന്നിലായി. ഫ്രഞ്ച് ചാംപ്യന്‍മാര്‍ അറ്റ്‌ലാന്റക്കെതിരെ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. മാര്‍ക്കീഞ്ഞോസിലൂടെയും ചോപ്പോ മോട്ടീങ്ങിലൂടെയുമാണ് പിഎസ്ജി വിജയ ഗോള്‍ നേടിയത്. മത്സരത്തില്‍ ആക്രമണ ഫുട്‌ബോളാണ് ഇരു ടീമും കാഴ്ച്ചവച്ചത്. മികച്ച മുന്നേറ്റങ്ങള്‍ നടത്തിയട്ടും ലക്ഷ്യം കാണാന്‍ ഫ്രഞ്ച് ടീമിന് സാധിച്ചില്ല. നാലാം മിനിറ്റില്‍ പിഎസ്ജി സൂപ്പര്‍താരം നെയ്മര്‍ സുവര്‍ണാവസരം പാഴാക്കിയതോടെയാണ് ത്രില്ലടിപ്പിക്കുന്ന പോരാട്ടം തുടങ്ങിയത്. തുടര്‍ന്ന് അറ്റ്‌ലാന്റ തുടര്‍ ആക്രമണങ്ങള്‍ നടത്തി. ഇതിന്റെ ഫലമായി 27-ാം മിറ്റില്‍ അവര്‍ പിഎസ്ജിയുടെ വലകുലുക്കി.
മരിയോ പസാലിച്ചാണ് ഒന്നാന്തരമൊരു ഇടങ്കാലന്‍ ഷോട്ടിലൂടെ ഗോള്‍ നേടിയത്. തുടര്‍ന്ന് പി.എസ്.ജിയായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ അവര്‍ക്ക് വിനയായി. രണ്ടാം പകുതിയില്‍ പരിക്ക് കാരണം പുറത്തായിരുന്ന എംബാപ്പേയെ ഇറക്കി പിഎസ്ജി ആക്രമണം ശക്തമാക്കി. പിഎസ്ജിയുടെ ഗോളുകള്‍ പിറക്കാന്‍ 90 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. നെയ്മര്‍ നല്‍കിയ പാസ്സിലൂടെ മാര്‍ക്കീഞ്ഞസ് സമനില കണ്ടെത്തി. മിനിറ്റുകള്‍ക്ക് ശേഷം നെയ്മര്‍ -എംബാപ്പേ മുന്നേറ്റത്തിലൂടെ ചോപ്പോ മോട്ടിങ്ങ് വിജയഗോള്‍ നേടി.