ഹോങ്കോങ്: ചൈനീസ് ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ ഹോങ്കോങ്ങിലെ മാധ്യമ ഉടമ ജിമ്മി ലായിക്ക് ജാമ്യം. ഒരു ഹീറോയ്ക്ക് ലഭിക്കുന്ന സ്വീകരണമാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തെത്തിയ ജിമ്മിക്ക് ലഭിച്ചത്. ജിമ്മിക്കൊപ്പം തന്നെ ഹോങ്കോങ് ജനാധിപത്യാനുകൂലിയായ ആക്ടിവിസ്റ്റ് ആഗ്നസ് ചോവിനെയും ജാമ്യത്തിൽവിട്ടിട്ടുണ്ട്. പോരാട്ടം തുടരും എന്നാണ് ജാമ്യത്തിന് ശേഷം ജിമ്മി പ്രതികരിച്ചത്.
വിദേശശക്തികളുമായി ബന്ധമുണ്ടെന്നാരോപിച്ചാണു ഹോങ്കോംഗിലെ പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാധ്യമഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായിയെ ദേശീയസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഹോങ്കോംഗിൽ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന ലായ് ചൈനയുടെ ഏകാധിപത്യ രണത്തിന്റെ സ്ഥിരം വിമർശകനുമാണ്. ജനാധിപത്യവാദികളെ ലക്ഷ്യമിട്ടു കഴിഞ്ഞ ജൂണിലാണു ദേശീയസുരക്ഷാ നിയമം കൊണ്ടുവന്നത്.