മനാമ: ലേബര്‍ ക്യാമ്പുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ നിര്‍ദ്ദേശം. ലേബര്‍ ക്യാമ്പുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും റെസിഡന്‍ഷ്യല്‍ ഏരിയകളിലെ അനധികൃത പാര്‍പ്പിടങ്ങള്‍ തടയാനും പ്രധാനമന്ത്രി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയം, തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം എന്നീ വകുപ്പുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ലേബര്‍ ക്യാമ്പുകളുടെ ലൈസന്‍സ്, നിയന്ത്രണങ്ങള്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച് മന്ത്രിസഭയ്ക്ക് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ അമിതമായി ആളുകള്‍ താമസിക്കുന്നത് തടഞ്ഞ് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് നടപടികളുടെ ലക്ഷ്യം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത തൊഴിലാളി പാര്‍പ്പിടങ്ങള്‍ കണ്ടെത്തി നിയമലംഘകര്‍ക്ക് പരിഹാര നടപടികള്‍ക്കുള്ള നോട്ടീസ് നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.