ന്യൂഡൽഹി: ഫെബ്രുവരി 10ന് ഡൽഹിയിൽ 45 ജാമിയ മിലിയ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കു നേരെ പൊലീസ് ക്രൂരമായ ലൈംഗികാതിക്രമം നടത്തിയതായി നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ (എൻഎഫ്ഐഡബ്ല്യൂ) നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 15 പെൺകുട്ടികൾക്കും 30 പുരുഷന്മാർക്കും നേരെയാണ് യൂണിവേഴ്സിറ്റിയിൽ വച്ച് പൊലീസിന്റെ ഹീനമായ ലൈംഗികാക്രമണം ഉണ്ടായതെന്നാണ് വിവരം. സിഎഎ, എൻആർസി, എൻപിആർ എന്നിവയ്ക്കെതിരെ സമാധാനപരമായി സമരം നടത്തുന്നതിനിടെയാണ് ജാമിയ വിദ്യാർഥികൾക്കു നേരെ ഡൽഹി പൊലീസിന്റെ അതിക്രമം ഉണ്ടായത്.
സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഡൽഹി പൊലീസിന്റെ ഹീനമായ കുറ്റകൃത്യ മനോഭാവത്തെ കുറിച്ച് അന്വേഷിക്കണമെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എൻഎഫ്ഐഡബ്ല്യൂ പ്രസിഡന്റും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയുമായ അരുണ റോയ് ആവശ്യപ്പെട്ടു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരം ക്രൂരതകളും അതിക്രമങ്ങളുമാണ് ഡൽഹി പൊലീസ് സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെ നടത്തിയതെന്നും അരുണ റോയ് വ്യക്തമാക്കി.
ഡൽഹി പൊലീസിനൊപ്പം പൊലീസ് യൂണീഫോമിലെത്തിയ സംഘപരിവാർ ഗുണ്ടകളും ചേർന്നാണ് പെൺകുട്ടികൾ അടക്കമുള്ള സമരക്കാര്ക്ക് നേരെ അതിക്രമം അഴിച്ചുവിട്ടത്. നെയിം പ്ലേറ്റും ബാഡ്ജുകളും ഇല്ലാതെയെത്തിയ പൊലീസുകാരാണ് കൂടുതലായും ആക്രമണം നടത്തിയത്. ജീൻസും പൊലീസിന്റേതല്ലാത്ത ഹെൽമറ്റും ധരിച്ചിരുന്ന സംഘപരിവാർ അക്രമികളുടെ കൈയിൽ പൊലീസിന്റെ ഷീൽഡുമുണ്ടായിരുന്നു. അസാധാരണമായിരുന്നു അവരുടെ പ്രതികാര മനോഭാവവും ആക്രമണവുമെന്നും അരുണ റോയ് പറയുന്നു.
പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ജാമിയ വിദ്യാർഥികളും അധ്യാപകരും ഡൽഹി പൊലീസിൽ നിന്ന് നേരിട്ടതെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഒന്ന്, സ്ത്രീകളെ തിരഞ്ഞുപിടിച്ചുള്ള ലൈംഗികം ഉൾപ്പെടെയുള്ള ആക്രമണങ്ങൾ. രണ്ട് കെമിക്കൽ ഗ്യാസ് ഉപയോഗിച്ചുള്ള ആക്രമണം. 15 സ്ത്രീകൾക്കും 30 പുരുഷന്മാർക്കുമാണ് ഫെബ്രുവരി 10ന് തങ്ങളുടെ ജനനേന്ദ്രിയത്തിൽ ക്രൂരമായ ആക്രമണം ഏറ്റതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വനിതാ പ്രതിഷേധക്കാരുടെ വസ്ത്രം വലിച്ചു കീറിയ ഡൽഹി പൊലീസ് അവരുടെ മാറിടങ്ങളിൽ ശക്തമായി ഇടിക്കുകയും ബൂട്ടുകൾ കൊണ്ട് ആഞ്ഞു ചവിട്ടുകയും ചെയ്തു. മാത്രമല്ല, അവരുടെ ജനനേന്ദ്രിയത്തിൽ ലാത്തികൾ കയറ്റിയും ക്രൂരമായി പീഡിപ്പിച്ചു. 15ഓളം വനിതകൾക്കാണ് തങ്ങളുടെ ജനനേന്ദ്രിയത്തിൽ പൊലീസിന്റെ ബൂട്ടുകൾ കൊണ്ട് ശക്തമായ ചവിട്ടേറ്റത്. കൂർത്ത ലാത്തികൊണ്ടുള്ള ആക്രമണത്തിൽ നിരവധി പേരുടെ ജനനേന്ദ്രിയത്തിൽ വലിയ മുറിവുണ്ടാവുകയും ചെയ്തു.
പഴുപ്പും രക്തവും കടുത്ത വേദനയും മൂലം ആഴ്ചകളോളം അവർ കട്ടിലിൽ തന്നെയായിരുന്നെന്നും നടക്കാനോ ഇരിക്കാനോ പോലുമാവാത്ത രീതിയിൽ സ്വകാര്യ ഭാഗത്ത് പരിക്കേറ്റതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 16 മുതൽ 65 വയസുവരെയുള്ള സ്ത്രീകളാണ് ലൈംഗികാക്രമണത്തിന് ഇരയായത്. ഇവരിൽ പലരും ഇപ്പോഴും പലവിധ ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ അനുഭവിക്കുന്നതായും റിപ്പോർട്ട് വിശദമാക്കുന്നു. സിസേറിയന് വിധയേയായ ഒരു സ്ത്രീ പോലും പൊലീസിന്റെ ക്രൂരമായ ആക്രമണത്തിനിരയായി. അടിക്കല്ലേ അടിക്കല്ലേ എന്ന് കരഞ്ഞ് കാലിൽ വീണു പറഞ്ഞിട്ടും പൊലീസ് ക്രൂരമായ മർദനം തുടർന്നതായും റിപ്പോർട്ടിൽ വിശദമാക്കുന്നു.
ഇതേ രീതിയിൽ തന്നെയാണ് പുരുഷന്മാരോടും പൊലീസ് ചെയ്തത്. മലദ്വാരത്തിൽ ലാത്തി കയറ്റിയും ജനനേന്ദ്രിയത്തിൽ ആഞ്ഞു ചവിട്ടിയും ലാത്തി കൊണ്ടടിച്ചുമാണ് പുരുഷന്മാരെ പൊലീസ് പീഡിപ്പിച്ചത്. ഇതേ തുടർന്ന് നിരവധി പുരുഷന്മാരുടെ മലദ്വാരത്തിനും ജനനേന്ദ്രിയത്തിനും വലിയ പരിക്കേറ്റു. സമരക്കാർക്കു നേരെയുള്ള പൊലീസിന്റെ അനിയന്ത്രിത അധികാര പ്രയോഗത്തിന്റെ തെളിവായിരുന്നു സ്ത്രീ- പുരുഷ പ്രതിഷേധക്കാർക്കു നേരെയുള്ള പൊലീസിന്റെ ഹീനമായ ആക്രമണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതു കൂടാതെ അറസ്റ്റ് ചെയ്ത് വാഹനത്തിൽകയറ്റി കൊണ്ടുപോവുന്ന വഴി അതിനുള്ളിൽ വച്ചും ക്രൂരമായ ആക്രമണമാണ് സമരക്കാർക്കു നേരിടേണ്ടിവന്നത്. 40 മിനിറ്റോളം വരുന്ന ബസ് യാത്രയിലുടനീളം പൊലീസ് പുരുഷന്മാരെ ക്രൂരമായി മർദിച്ചു. ലാത്തികൊണ്ട് തല്ലിച്ചതച്ച പൊലീസ് ബൂട്ടുകൾ കൊണ്ട് അടിനാഭിയിൽ ആഞ്ഞു ചവിട്ടുകയും ചെയ്തു.
ഇതു കൂടാതെയാണ് കെമിക്കൽ ഗ്യാസ് പ്രയോഗവും ഉണ്ടായത്. സാധാരണ പോലുള്ള ടിയർ ഗ്യാസ് പ്രയോഗം ആയിരുന്നില്ല അത്. പലർക്കും ശക്തമായ തലവേദന അനുഭവപ്പെടുകയും ബോധം പോകുന്ന അവസ്ഥ വരികയും ചെയ്തു. ശ്വാസം മുട്ടുകയും പേശീ വേദന അനുഭവപ്പെടുകയും ചെയ്തു. കെമിക്കൽ ഗ്യാസ് സ്പ്രേ ചെയ്തതിനു ശേഷം മണിക്കൂറോളം എഴുന്നേറ്റു നിൽക്കാൻ പോലുമാവാത് സ്ഥിതിയിലായിരുന്നു നിരവധി പേർ. പ്രദേശത്തു നിന്നും മാറിയ വിദ്യാർഥികൾക്ക് പോലും ഛർദിയും പേശീ വേദനയും കടുത്ത തലവേദനയുമൊക്കെ അനുഭവപ്പെട്ടു.
നിരവധി പേർക്കാണ് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. എന്നാൽ ഗ്യാസിനെ കുറിച്ച് അധ്യാപകരും വിദ്യാർഥികളും ആക്ടിവിസ്റ്റുകളും ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം നൽകാൻ ഡൽഹി പൊലീസ് തയ്യാറായില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പരിക്കേറ്റ സമരക്കാർക്ക് ആവശ്യമായ ചികിത്സ നൽകാൻ ഡോക്ടർമാരും തയ്യാറായില്ലെന്ന് റിപ്പോർട്ട് പറയുന്നു. 2020 ഫെബ്രുവരി 10ന് ജാമിഅയിൽ സമാധാനപരമായി സമരം ചെയ്തവർ സഹിച്ച ക്രൂരതകൾ പോലൊന്ന് മറ്റാരും ഒരു ജനാധിപത്യ രാജ്യത്ത് സഹിച്ചിട്ടുണ്ടാവില്ലെന്ന് സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു. രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കിയാണ് സിഎഎ വിരുദ്ധ സമരക്കാരോട് പൊലീസ് പെരുമാറിയതെന്നും ആനി രാജ ചൂണ്ടിക്കാട്ടി.
ബാരിക്കേഡുകൾ സ്ഥാപിച്ചതു മുതൽ പൊലീസ് സ്റ്റേഷനിൽ വിദ്യാർഥികളെ തടവിലിട്ടതു വരെ ഫെബ്രുവരി 10ന് നടന്ന സംഭവങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം വിശദീകരണം നൽകണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. സംഭവത്തിൽ ഡൽഹി പൊലീസിന്റെ ഹീനമായ ആക്രമണ മനോഭാവത്തെ കുറിച്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണം. അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടമാരുടെ ഒരു സംഘം, ഡൽഹി പൊലീസ് സമരക്കാർക്കു നേരെ നടത്തിയ കെമിക്കൽ ഗ്യാസ് പ്രയോഗത്തെ കുറിച്ചും അതു മൂലമുള്ള പരിക്കിനെ കുറിച്ചും അന്വേഷണം നടത്തണം.
നിരായുധരായി, സമാധാനപരമായി സമരം ചെയ്യുകയും ചെയ്ത ആളുകൾക്കു നേരെ നടത്ത ആക്രമണത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത നടപടിക്കെതിരെ കേസെടുക്കണം. ഇപ്പോഴും സമരക്കാർക്കു നേരെ തുടരുന്ന പീഡനവും ഭീഷണിയും അവസാനിപ്പിക്കണം. ഡൽഹി പൊലീസിന്റേത് ഇസ്ലാമോഫോബിക് നടപടിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മലയാളികൾ അടക്കമുള്ള ജാമിയ വിദ്യാർഥികൾക്കു നേരെയാണ് പൊലീസിന്റേയും ആർഎസ്എസ് അക്രമികളുടെയും ആക്രമണം ഉണ്ടായത്. ഇതിന്റെ നിരവധി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ സംഭവത്തിൽ അക്രമികൾക്കെതിരെ കേസെടുക്കാന് വിമുഖത കാട്ടുന്ന പൊലീസ് ഇരകളെ വേട്ടയാടുന്ന പ്രവണത ഇനിയും അവസാനിപ്പിച്ചിട്ടില്ല.