വാഷിംഗ്ടൺ: കൊറോണ വൈറസ് ആശ്വാസ പാക്കേജിന്റെ ഭാഗമായി ഓരോ അമേരിക്കന്‍ പൗരനും ആഴ്ചയില്‍ 400 ഡോളര്‍ വീതം വരുമാനമുറപ്പാക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പിട്ടു. അമേരിക്കന്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം നിര്‍ദ്ദേശിച്ചത് ആഴ്ചയില്‍ 200 ഡോളര്‍. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് ഭൂരിപക്ഷം നിര്‍ദ്ദേശിച്ചത് ആഴ്ചയില്‍ 600 ഡോളര്‍. പക്ഷേ ട്രമ്പിന്റെ തീരുമാനം ആഴ്ച്ചയില്‍ 400 ഡോളര്‍. ആഗസ്ത് എട്ടിനാണ് ട്രമ്പ് ഉത്തരവില്‍ ഒപ്പുവച്ചത്.
ജൂലൈ 31 വരെ നല്‍കിയത് ആഴ്ചയില്‍ 600 ഡോളര്‍ വച്ചായിരുന്നു. ചില അമേരിക്കന്‍ നഗരങ്ങളില്‍ മിനിമം വേതനം മണിക്കൂറിന് 15 ഡോളര്‍. ആഴ്ചയില്‍ ലഭിക്കാവുന്ന കൂലി 600 ഡോളര്‍. ഓരോ പൗരനും ഇത്രയും തുക സര്‍ക്കാര്‍ നല്‍കുന്നത് തൊഴിലാളികളുടെ തൊഴില്‍ അന്വേഷണത്തെ നിരുത്സാഹപ്പെടുത്തുന്നു. സമ്പദ്ഘടനയെ ദുര്‍ബലമാക്കുന്നു. ഈ വാദം ഉന്നയിച്ചാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ആഴ്ചയില്‍ 200 ഡോളര്‍ എന്ന നിര്‍ദ്ദേശംവെച്ചത്.
കടുത്ത യാഥാസ്ഥിതിക വിഭാഗം സര്‍ക്കാര്‍ ഇടപെടലിനെ പൂര്‍ണമായും എതിര്‍ത്തു. ഈ തര്‍ക്കം നീണ്ടുപോകുന്നത് നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ പരാജയം ഉറപ്പുവരുത്തുമെന്ന റിപ്പോര്‍ട്ടുകളു ടെ പശ്ചാത്തലത്തിലാണ് ട്രമ്പിന്റെ ഇടപെടല്‍ – റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഭരണഘടന പ്രകാരം ധനവിനിയോഗ തീരുമാനങ്ങള്‍ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റേയും അധികാര പരിധിയിലാണ്. അതുകൊണ്ട് ട്രമ്പിന്റെ ഇടപെടല്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടാം.
കൊറോണ വൈറസ് രാജ്യത്താകമാനം 160000 ത്തിലധികം ജനങ്ങളുടെ ജീവനെടുത്തു. കൊറോണ വൈറസ് രോഗ വ്യാപനത്തില്‍ രാജ്യത്തെ കടുത്തസാമ്പത്തിക പ്രതിസന്ധിയിലേക്കും കൂപ്പുകുത്തിച്ചു. പ്രതിസന്ധികളില്‍ ജനങ്ങളെ എങ്ങനെ സഹായിക്കാമെന്ന കാര്യത്തില്‍ വൈറ്റ് ഹൗസും കോണ്‍ഗ്രസിലെ ഉന്നത ഡെമോക്രാറ്റുകളും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ” ഈ പണം അവര്‍ക്ക് ആവശ്യത്തിനാണ്. ഇത് അവര്‍ക്ക് വേണം. ഇത് അവര്‍ക്ക് ജോലിയിലേക്ക് മടങ്ങാനുള്ളൊരു പ്രോത്സാഹനം നല്‍കുന്നു,” റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ആശ്വാസ പാക്കേജിനെക്കുറിച്ച് പറഞ്ഞു. ഫെഡറല്‍ സംസ്ഥാനങ്ങളാണ് ഇതിന്റെ 25 ശതമാനം നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.