കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയകൊടി പാറിച്ച് പീപ്പിള്‍സ് പാര്‍ട്ടി. പാര്‍ട്ടിക്ക് (എസ്എല്‍പിപി) മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക വിജയം. പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 2005 മുതല്‍ 10 വര്‍ഷമായി മഹിന്ദ രാജപക്‌സെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു.
മഹിന്ദ നേതൃത്വം നല്‍കിയ എസ്എല്‍പിപി 225 സീറ്റില്‍ 145 എണ്ണത്തില്‍ വിജയിച്ചു. മുന്നണിക്ക് 150 സീറ്റുകളുണ്ട്. 22 ഇലക്ടറല്‍ ജില്ലകളില്‍ 18ലും എസ്എല്‍പിപി മുന്നേറ്റമുണ്ടാക്കി. മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കിയ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) തകര്‍ന്നടിഞ്ഞു. എല്ലാ സീറ്റിലും തോറ്റ യുഎന്‍പിക്ക് റനിലിന്റെ പരാജയം വലിയ തിരിച്ചടിയായി. 1977ല്‍ പാര്‍ലമെന്റ് അംഗമായ ശേഷം റനിലിന്റെ ആദ്യ തോല്‍വിയാണിത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ആകെ വോട്ടിന് ആനുപാതികമായി യുഎന്‍പിക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റ് ലഭിക്കുമെന്നതാണ് ആശ്വാസം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ യുഎന്‍പി നേടിയിരുന്നു. കൊളംബോയുള്‍പ്പെടെ സിംഹള ഭൂരിപക്ഷ മേഖലകളില്‍ 60 ശതമാനത്തിലേറെ വോട്ട് എസ്എല്‍പിപി നേടി. യുഎന്‍പി വിട്ട് സമാഗി ജനബലവേഗയ (എസ്‌ജെബി) പാര്‍ട്ടി രൂപീകരിച്ച സജിത് പ്രേമദാസ 23% വോട്ടും 55 സീറ്റും നേടി രണ്ടാമത്തെ വലിയ കക്ഷിയായി. ശ്രീലങ്കന്‍ പ്രതിപക്ഷ നിരയെ ഇനി സജിത് നയിക്കും.