കുവൈത്ത് സിറ്റി: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ പകുതി പേരെ മൂന്നുമാസത്തിനകം പിരിച്ചുവിടാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിരവധി തൊഴിലാളികള്‍ക്ക് ഇതിനകം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവരെ ഘട്ടംഘട്ടമായാണ് പിരിച്ചുവിടുക. നേരത്തേ വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ നേരിട്ട് ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശികളെയും പിരിച്ചുവിട്ടിരുന്നു.
ഇവര്‍ സബ് കോണ്‍ട്രാക്ട് കമ്പനികളിലേക്ക് മാറുകയാണുണ്ടായത്. ഇവരെയാണ് ഇപ്പോള്‍ ഒഴിവാക്കുന്നത്. സ്വദേശിവത്കരണ ഭാഗമായി വിദേശികളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മാനവ വിഭവശേഷി വികസന സമിതി അധ്യക്ഷന്‍ ഖലീല്‍ അല്‍ സാലിഹ് എം.പി പറഞ്ഞു. ഇതു സംബന്ധിച്ച് പാർലമെന്റിൽ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ അടുത്തയാഴ്ച സമിതി യോഗം ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണം സാധ്യമാക്കാന്‍ സിവില്‍ സര്‍വിസ് കമീഷന്‍ ശക്തമായ നടപടികളെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.