കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 225 അംഗങ്ങളുള്ള പാര്‍ലമെന്റിലെ 196 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ബാക്കി 26 സീറ്റുകള്‍ ഓരോ പാര്‍ട്ടിക്കും ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ വീതിച്ചുനല്‍കും. 1.6 കോടി വോട്ടര്‍മാരുടെ അംഗീകാരം തേടി 7,452 സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തില്‍ 3 തവണയാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. ഇന്ന് രാത്രി 8 വരെ വോട്ടെടുപ്പ് നീട്ടിയിട്ടുണ്ട്. നാളെ രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കും.
പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) മികച്ച ജയം നേടുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നു. പ്രസിഡന്റിന്റെ അധികാരങ്ങള്‍ കുറച്ച 2015ലെ ഭരണഘടനാ ഭേദഗതി തിരുത്താന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് എസ്എല്‍പിപി ലക്ഷ്യമിടുന്നത്.
ഗോട്ടബയയുടെ സഹോദരനും മുന്‍ പ്രസിഡന്റുമായ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുന്നുണ്ട്. മഹിന്ദയുടെ മൂത്ത മകന്‍ നമല്‍ രാജപക്‌സെ, മൂത്ത സഹോദരന്‍ ചമല്‍ രാജപക്‌സെ, ബന്ധുക്കളായ ശശീന്ദ്ര രാജപക്‌സെ, നിപുണ രണവാക എന്നിവരും മത്സരിക്കുന്നുണ്ട്. ഐക്യമില്ലാതെ മത്സരിക്കുന്ന പ്രതിപക്ഷം കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നില്ല.