വാഷിങ്ടണ്‍: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക കോവിഡിനെതിരെ മികച്ച രീതിയില്‍ പോരാടുന്നതായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ അതിസങ്കീര്‍ണമായ പ്രശ്നത്തിലാണെന്നും ചൈന വൈറസ്ബാധയുടെ വമ്പന്‍ പൊട്ടിത്തെറി നേരിടാനിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു- ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘നമ്മള്‍ നല്ല നിലയിലാണ് മുന്നോട്ട് പോകുന്നതെന്നാണ് ഞാന്‍ കരുതുന്നത്. മറ്റേത് രാജ്യത്തെക്കാളും നല്ല രീതിയിലാണ് നമ്മള്‍ മുന്നേറുന്നത്. നിങ്ങള്‍ മറക്കരുത്. നമ്മള്‍ ഇന്ത്യയെയും ചൈനയെയുംകാള്‍ വലിയ നിലയിലാണ്. ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ കൂടിക്കൊണ്ടിരിക്കുകയാണ്.’ ട്രംപ് പറയുന്നു.
ഇന്ത്യയും ഇപ്പോള്‍ വലിയ പ്രശ്നങ്ങള്‍ നേരിടുകയാണെന്ന് പറഞ്ഞ അദ്ദേഹം, മറ്റ് രാജ്യങ്ങളുടെ കാര്യം ഞാന്‍ ശ്രദ്ധിക്കാറില്ലെന്നും എന്നാല്‍ വാര്‍ത്തകള്‍ അനുസരിച്ച് കോവിഡില്‍ നിന്നും രക്ഷ നേടിയെന്ന് കരുതിയ രാജ്യങ്ങളും ഇപ്പോള്‍ രോഗത്തിലേക്ക് തിരിച്ചുപോകുകയാണെന്ന് കൂടി കൂട്ടിച്ചേര്‍ത്തു.
ആറുകോടി ജനങ്ങളെ അമേരിക്കയില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കി. 15 മുതല്‍ 20മിനിറ്റുവരെ സമയത്തിനുള്ളില്‍ പരിശോധന ഫലം ലഭിക്കും. മറ്റാരും ഇത്തരത്തില്‍ ചെയ്യുന്നില്ല. ഞങ്ങളാണ് ഏറ്റവും മികച്ച രീതിയില്‍ കോവിഡ് പ്രതിരോധം കൈകാര്യം ചെയ്യുന്നതെന്ന് ഞാന്‍ വിചാരിക്കുന്നു -ട്രംപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആറാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറച്ചുെകാണ്ടുവരാന് കഴിഞ്ഞു. കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത 8.7 ശതമാനത്തില്‍ നിന്ന് എട്ടുശതമാനമായി. ഹോട്ട്സ്പോട്ടുകളില്‍ മാത്രം രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായതായും ട്രംപ് പറഞ്ഞു.
ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ചയായി 50,000ത്തില്‍ അധികംപേര്‍ക്കാണ് പ്രതിദിനം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 18,55,745 പേര്‍ക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ചൈനയില്‍ 36 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 43 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.