ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാക് സൈനികകോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിന് വേണ്ടി അഭിഭാഷകനെ നിയമിക്കാന്‍ പാക് സര്‍ക്കാരിന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ നിര്‍ദേശം. ജാദവിനു വേണ്ടി അഭിഭാഷകനെ നിയമിക്കാന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ഇന്ത്യയുടെ അനുമതിയോടെ അഭിഭാഷകനെ നിയമിക്കാനാണ് കോടതിയുടെ നിര്‍ദേശം.
അഭിഭാഷകന് പാകിസ്ഥാന് പൗരനായിരിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
നേരത്തേ, ഇന്ത്യയുടെയും കുല്‍ഭൂഷണിന്റെയും അനുമതിയില്ലാതെ പാക്കിസ്ഥാന് അഭിഭാഷകനെ നിയമിച്ചിരുന്നു. ജൂലൈയില്‍ ‘റിവ്യൂ ആന്റ് റി കണ്സിഡറേഷന് ഓര്‍ഡിനന്‍സ്’ എന്ന ഓര്‍ഡിനന്‍സ് പാക്കിസ്ഥാന് കൊണ്ടുവന്നിരുന്നു. ഓര്‍ഡിനന്‍സ് പ്രകാരം പാക്കിസ്ഥാന് സൈനിക കോടതിയുടെ ഉത്തരവ് പുനപരിശോധനക്കായി ഇസ്ലാമാബാദ് ഹൈകോടതിയില്‍ അപേക്ഷിക്കാനാകും. പിന്നാലെയാണ് ജാദവിന് അഭിഭാഷകനെ നിയമിക്കാനായി കോടതിയെ സമീപിച്ചത്.
ചാരവൃത്തി ആരോപിച്ച് 2017-ലാണ് വിരമിച്ച ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്റെ ആരോപണം ഇന്ത്യ ആദ്യം മുതല്‍ക്കെ നിഷേധിച്ചിരുന്നു.