ദേശീയ വിദ്യാഭ്യാസ നയം ജൂലൈ 29 ന് കാബിനറ്റ് അംഗീകരിച്ചു എന്ന വാർത്ത വന്നപ്പോൾ മുതൽ അതൊന്നു വായിക്കണമെന്ന് കരുതിയതാണ്. ഒരു വർഷം മുൻപ് കരട് പോളിസി പ്രസിദ്ധീകരിച്ചപ്പോൾ വായിക്കുകയും അതിൽ എന്റെ അഭിപ്രായം പബ്ലിക് ആയും പ്രൈവറ്റ് ആയും നൽകുകയും ചെയ്തിരുന്നു. അതിൽ ഏതൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അറിയാനുള്ള ആകാംക്ഷയും ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ വാർത്തകൾ നൽകിയ പത്രങ്ങൾ ഒന്നും തന്നെ പുതിയ പോളിസിയുടെ കോപ്പിയുടെ ലിങ്ക് കൊടുത്തില്ല. ആ വിഷയം പറഞ്ഞ് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ അനവധി സുഹൃത്തുക്കൾ കോപ്പി പങ്കുവെച്ചു, രണ്ടു സെറ്റ് പോളിസികൾ ലഭിച്ചു.
1. National Educational Policy (2020). 187 പേജുകൾ ഉണ്ടെന്ന് പറയുന്ന റിപ്പോർട്ട് തുടങ്ങുന്നത് മുപ്പത്തിയേഴാം പേജിലാണ്. 115 പേജ് വരെ ഡോക്യൂമെന്റിൽ ഉണ്ട്.
2. National Education Policy (2020), അറുപത് പേജുകളാണുളളത്. ഈ രണ്ടു പോളിസികളും ഏറെക്കുറെ ഒന്ന് തന്നെയാണെങ്കിലും ചില അടിസ്ഥാന വ്യത്യാസങ്ങളുണ്ട്.
അപ്പോൾ ഇതിൽ ഏതാണ് ശരി എന്ന് സംശയമായി. ഇന്നലെ മാനവ വിഭവ ശേഷി വകുപ്പിന്റെ വെബ്‌സൈറ്റിൽ കൂടുതൽ ഔദ്യോഗികമെന്ന് തോന്നുന്ന 65 പേജുള്ള മൂന്നാമതൊരു റിപ്പോർട്ട് വന്നു. മുൻപത്തെ റിപ്പോർട്ടിനേക്കാൾ ചില മാറ്റങ്ങളുണ്ട് ഇതിൽ. ഏറ്റവും പ്രധാനമായത് വിദ്യാഭ്യാസത്തിന് മാത്രമായി “Indian Education Service” ആരംഭിക്കുമെന്നും ഈ സർവീസിൽ നിന്നുള്ളവരായിരിക്കും എല്ലാ സവ്വകലാശാലകളിലും രജിസ്‌ട്രാർ ആയി നിയമിക്കപ്പെടുക എന്നും രണ്ടാമത്തെ ഡോക്യൂമെന്റിൽ ഉണ്ടായിരുന്നു. കരട് രേഖയിലോ മുൻപ് പറഞ്ഞ ആദ്യത്തെ രേഖയിലോ ഇപ്പോൾ വെബ്‌സൈറ്റിലുള്ള രേഖയിലോ ഇതില്ല. നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുള്ള ഒരു നിർദ്ദേശമാണിത്. എവിടെ നിന്നാണ് ഇത് വന്നത് എങ്ങനെയാണ് ഇത് പോയത് എന്നതൊക്കെ എന്നെ അതിശയിപ്പിക്കുന്നു. എന്താണെങ്കിലും MHRD വെബ്‌സൈറ്റിലുള്ള രേഖയാണ് ഔദ്യോഗികവും അവസാനത്തേതും എന്ന ചിന്തയിൽ ഞാനത് വായിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത കാലത്ത് വന്നിട്ടുള്ള നയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായത് കൊണ്ട് ഏറെ പറയാനുണ്ട്. വരുന്ന ആഴ്ചയിൽ പറയാം. അതിന് മുൻപ് കുറച്ചു കാര്യങ്ങൾ ആമുഖമായി പറയാം.
1. നയം അല്ലെങ്കിൽ പോളിസി എന്ന് പറയുന്ന ഡോകുമെന്റ് ഒരു വിഷയത്തിൽ എങ്ങനെയായിരിക്കണം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് എന്ന് പ്രഖ്യാപിക്കുന്ന രേഖയാണ്. സർക്കാരിന് മാത്രമല്ല രാഷ്ട്രീയ പാർട്ടികൾക്കും ഇത്തരത്തിലുള്ള നയങ്ങളുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള സർക്കാരുകൾക്ക് ഇത്തരത്തിൽ നയങ്ങളുണ്ടാകാം. ഒരേ വിഷയത്തിൽ തന്നെ കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും പോളിസികൾ ഉണ്ടാകാം, അവ വ്യത്യസ്തമാകാം. ഈ പോളിസി പാർലമെന്റിലൂടെയോ നിയമസഭകളിലൂടെയോ കടന്നു പോരുന്ന ഒന്നല്ല, അതുകൊണ്ട് തന്നെ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ “നിയമം” അല്ല, നയം നടപ്പിലാക്കി കിട്ടാനായി കോടതിയെ സമീപിക്കാൻ സാധിക്കുകയുമില്ല.
2. ഒരു സർക്കാർ ഒരു നയം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ നിയമങ്ങളോ ചട്ടങ്ങളോ ഉണ്ടാക്കേണ്ടി വരും. ഇത്തരം നിയമങ്ങൾ സ്വാഭാവികമായും നയത്തോട് ചേർന്ന് നിൽക്കുന്നതാകാനാണ് സാധ്യത. പക്ഷെ നയത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിയമത്തിൽ ഉണ്ടാകണമെന്നോ, നയത്തിൽ പറയാത്ത കാര്യങ്ങൾ നിയമത്തിൽ ഉണ്ടാകാൻ പാടില്ല എന്നോ, നയത്തിൽ പറയുന്ന എല്ലാ കാര്യങ്ങളിലും നിയമം ഉണ്ടാക്കണമെന്നോ നമ്മുടെ നിയമ സംവിധാനം നിഷ്‌ക്കർഷിക്കുന്നില്ല. വാസ്തവത്തിൽ ഒരു വിഷയത്തിൽ നിയമം ഉണ്ടാക്കുന്നതിന് മുൻപ് ആ വിഷയത്തിൽ ഒരു നയം ഉണ്ടായിരിക്കണമെന്ന് പോലും നിഷ്‌ക്കർഷയില്ല.
3. എല്ലാ സർക്കാരുകളും എല്ലാ വിഷയത്തിലും നയങ്ങൾ പ്രഖ്യാപിക്കാറില്ല. അതുകൊണ്ടു തന്നെ ഒരു സർക്കാർ പ്രഖ്യാപിച്ച നയങ്ങൾ വ്യത്യസ്തമായ നയങ്ങളുള്ള പാർട്ടികൾ അധികാരത്തിൽ വന്നാലും നിലനിൽക്കാം. ഒരു സർക്കാർ നയം പ്രഖ്യാപിക്കുന്പോൾ പ്രതിപക്ഷത്തുള്ള രാഷ്ട്രീയ കക്ഷികളുമായി സമന്വയം ആവശ്യമില്ലാത്തത് കൊണ്ട് ഒരു സർക്കാർ മാറി മറ്റൊരു സർക്കാർ വരുന്പോൾ ആദ്യത്തെ നയം മാറ്റി മറ്റൊന്ന് കൊണ്ടുവരികയോ നയം മാറ്റാതെ തന്നെ ആ നയത്തിന് ചേരാത്ത നിയമങ്ങൾ കൊണ്ടുവരികയോ ചെയ്യാം.
4. ഈ അർത്ഥത്തിൽ നിയമപരമായി വളരെ ദുർബലമായ ഒരു രേഖയാണ് നയങ്ങൾ. എന്നാൽ വിദഗ്ദ്ധരായ ധാരാളം ആളുകൾ ഉൾപ്പെട്ട സമിതികൾ ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷം വികസിപ്പിച്ചെടുക്കുന്ന നയങ്ങൾ പലപ്പോഴും നിയമത്തിലും സ്ഥാപനങ്ങളിലും സമൂഹങ്ങളിലും മാറ്റങ്ങൾക്ക് വഴിവെക്കാറുണ്ട്. ദേശീയ വിദ്യാഭ്യാസ നയവും ഈ തരത്തിൽ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
5. ഈ പുതിയ ദേശീയ വിദ്യാഭ്യാസനയം ഡ്രാഫ്റ്റ് ചെയ്ത കസ്തൂരിരംഗൻ കമ്മിറ്റി അവരുടെ ജോലി തുടങ്ങുന്നത് 2017 ലാണ്. പക്ഷെ 2015 ൽ രൂപീകരിച്ച ടി എസ് ആർ സുബ്രഹ്മണ്യം കമ്മിറ്റി ദേശീയ വിദ്യാഭ്യാസ നയത്തിനുള്ള നിർദ്ദേശങ്ങൾ 2016 ൽ സമർപ്പിച്ചിരുന്നു (The Committee for Evolution of the New Education Policy (NEP),Chair: Mr. T. S. R Subramanian). നിരവധി വിദഗ്ദ്ധരുടെ അനവധി നാളത്തെ പ്രയത്നം ഈ റിപ്പോർട്ടിലുണ്ട്.
6. പുതിയ വിദ്യാഭ്യാസ നയത്തിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് ഇതിൽ എല്ലാവരേയും സന്തോഷിപ്പിക്കാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നതാണ്. നിർമിത ബുദ്ധി, റോബോട്ടിക്‌സ് എന്നിങ്ങനെ അനവധി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിലെ മികവ് നയം ലക്ഷ്യമിടുന്നു. ഇന്ത്യയുടെ ചരിത്രം, ശാസ്ത്ര പാരന്പര്യം, സംസ്കൃതം ഇവയിലൊക്കെ ഊന്നൽ നൽകുകയും ചെയ്യുന്നു. പരീക്ഷകളുടെ ഭാരം കുറക്കണമെന്ന് നയം ആവർത്തിച്ച് പറയുന്നു. 10+2 മാറ്റി 5+3+3 +4 എന്ന പുതിയ ഫോർമുല പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പത്താം ക്ലാസ്സിലെ ബോർഡ് പരീക്ഷകൾ എടുത്തു കളയുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ മേൽനോട്ടത്തിന് പുതിയ നാഷണൽ ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ഉണ്ടാക്കുന്പോൾ തന്നെ യു ജി സി അല്പം വേഷം മാറി ഹയർ എഡ്യൂക്കേഷൻ ഗ്രാന്റ്റ് കൗൺസിൽ എന്ന പേരിൽ തിരിച്ചു വരുന്നു. ഗവേഷണത്തിന് വേണ്ടി നാഷണൽ റിസർച്ച് ഫൗണ്ടേഷൻ പുതിയതായി സ്ഥാപിക്കുമെങ്കിലും ഇപ്പോൾ വിവിധ വകുപ്പുകളിൽ ഗവേഷണത്തിന് സഹായം നൽകുന്ന ICAR, ICMR, ICHR എന്നിവ നിലനിർത്തുന്നു. കോച്ചിങ്ങിന്റെ പ്രസക്തി കുറക്കാൻ എൻട്രൻസ് ടെസ്റ്റുകൾ എടുത്തുകളയാനും പുതിയൊരു നാഷണൽ ടെസ്റ്റിങ് ഏജൻസി ഉണ്ടാക്കുവാനും നിർദ്ദേശിക്കുന്നതോടൊപ്പം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ മാത്രം ഈ ഏജൻസി ടെസ്റ്റുകൾ ഉപയോഗിച്ചാൽ മതി എന്നും പറയുന്നു. ഇത്തരത്തിൽ പോളിസി വായിക്കുന്പോൾ നമ്മുടെ താല്പര്യം എന്താണോ അതൊക്കെ പ്രതിഫലിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തോന്നും. കൂടുതൽ ശ്രദ്ധയോടെ വായിച്ചാൽ നമുക്ക് ഇഷ്ടമല്ലാത്തതോ പരസ്പര വിരുദ്ധമായിട്ടോ ഉള്ള കാര്യങ്ങളും കണ്ടുവെന്ന് വരും. പിൽക്കാലത്ത് സർക്കാരുകൾക്ക് അവർക്ക് പ്രത്യേക താല്പര്യമുള്ള കാര്യങ്ങളിൽ നിയമം ഉണ്ടാക്കാനും പണം ഇറക്കാനും അതൊക്കെ ദേശീയ വിദ്യാഭാസ നയത്തിൽ ഉണ്ടായിരുന്നു എന്ന് പറയുവാനും ഇത് അവസരം നൽകും.
7. അലോപ്പതി പഠിക്കുന്ന കുട്ടികൾ (അലോപ്പതി എന്ന പ്രയോഗം തെറ്റാണ്, മോഡേൺ മെഡിസിൻ എന്നാണ് വിശേഷിപ്പിക്കേണ്ടത്) എല്ലാവരും ആയുർവേദ, യോഗ, യൂനാനി, സിദ്ധ, ഹോമിയോപ്പതി (AYUSH ) വിഷയങ്ങളിലെ അടിസ്ഥാന തത്വങ്ങൾ പഠിച്ചിരിക്കണമെന്നും അതുപോലെ തന്നെ AYUSH പഠിക്കുന്ന കുട്ടികളെ അലോപ്പതി പഠിപ്പിക്കണമെന്നും നയം നിഷ്‌ക്കർഷിക്കുന്നുണ്ട്. മുപ്പത് വർഷം മുൻപ് കേരളത്തിൽ വലിയ വിവാദമുണ്ടാക്കിയ വിഷയമാണിത്. തൽക്കാലം നമ്മുടെ ഡോക്ടർമാർ ഇത് കണ്ടിട്ടില്ല എന്ന് തോന്നുന്നു.
8. “The teacher must be at the centre of the fundamental reforms in the education system” എന്നാണ് പുതിയ വിദ്യാഭ്യാസ നയം പറയുന്നത്. വിദ്യാർത്ഥികളാണ് വിദ്യാഭാസത്തിന്റെ കേന്ദ്രം (student centric education) എന്ന ആധുനിക ചിന്താഗതിയുമായി ചേർന്നുപോകുന്ന ഒന്നല്ല ഇത്. അതേസമയം വിദ്യാഭ്യാസം ചൈൽഡ് സെൻട്രിക് ആകുമെന്നും വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളുടെ കേന്ദ്രമാണ് അധ്യാപകൻ എന്നും ഈ നയത്തെ വായിച്ചെടുക്കാം. ഇത്തരത്തിൽ പലതരത്തിൽ വായിച്ചെടുക്കാവുന്ന അനവധി പ്രയോഗങ്ങൾ പുതിയ വിദ്യാഭ്യാസ നയത്തിലുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ വിഷൻ എന്ന പാരഗ്രാഫിൽ മൂന്നു വാക്കുകളുണ്ട് (This National Education Policy envisions…, The Policy envisages….The vision of the Policy is…). സാധാരണ ആളുകൾ ഈ വാക്കുകൾ പലപ്പോഴും അത്ര കൃത്യതയോടെ അല്ലാതെ പരസ്പരം മാറ്റി പറയാറുണ്ടെങ്കിലും അര പതിറ്റാണ്ടായി അനവധി വിദഗ്ദ്ധർ ചിന്തിച്ചുണ്ടാക്കിയ ഒരു രേഖയിൽ ഇത്തരം പ്രയോഗങ്ങൾ വരുന്പോൾ അതിന് വ്യത്യസ്ത അർഥങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടതാണ്.
9. നയരൂപീകരണത്തിനും ഗ്രാന്റ് നൽകുന്നതിനുമുള്ള സ്ഥാപനങ്ങൾ മുതൽ ട്രാൻസ്‌ലേഷൻ പഠിപ്പിക്കാനും ലിബറൽ ആർട്സ് പഠിപ്പിക്കാനുമായി അനവധി പുതിയ സ്ഥാപനങ്ങൾ നയത്തിൽ നിർദ്ദേശിക്കുന്നുണ്ട്. പതിനായിരക്കണക്കിന് കോടി രൂപ ഈ രംഗത്തേക്ക് നിക്ഷേപിക്കേണ്ടി വരും. ഈ നിക്ഷേപം എവിടെനിന്നാണ് വരുന്നത് എന്ന കാര്യത്തിൽ നയത്തിൽ കൃത്യത കാണുന്നില്ല. Public expenditure, Government Spending, Public Investment എന്നിങ്ങനെ വ്യത്യസ്തമായ കാര്യങ്ങളാണ് ഒരേ പാരഗ്രാഫിലുള്ളത്. എന്താണെങ്കിലും, എവിടെ നിന്നാണെങ്കിലും കൂടുതൽ പണം വരുമെന്ന് പ്രതീക്ഷിക്കുക.
10. ഞാൻ വർഷങ്ങളായി ആഗ്രഹിക്കുന്ന ധാരാളം നിർദ്ദേശങ്ങൾ പുതിയ വിദ്യാഭ്യാസ നയത്തിലുണ്ട്. കൂടുതൽ ഇലക്റ്റീവുകൾ, ഡിഗ്രി പൂർത്തിയാക്കാൻ പറ്റാത്തവർക്ക് സർട്ടിഫിക്കറ്റോ ഡിപ്ലോമയോ നേടി പുറത്തുവരാനുള്ള സാഹചര്യം, ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും മറ്റൊരു യൂണിവേഴ്സിറ്റിയിലേക്ക് ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം, അക്കാദമിക് സ്ഥാപനങ്ങളെ യു ജി സി പോലുള്ള ബ്യുറോക്രസിയിൽ നിന്നും രക്ഷിക്കണം, ഭാഷകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണം, കൂടുതൽ ഓൺലൈൻ പഠന അവസരങ്ങൾ നൽകണം, സ്വകാര്യമേഖലയ്ക്ക് കൂടുതൽ അവസരം നൽകണം, എല്ലാവരും ഡിഗ്രി പഠിക്കാതെ വൊക്കേഷണൽ ട്രൈനിങ്ങിന് കൂടുതൽ അവസരം ഉണ്ടാക്കണം എന്നതെല്ലാം. അതുകൊണ്ട് മൊത്തത്തിൽ എനിക്ക് ഈ നയം വളരെ താല്പര്യമാണ്.
കേന്ദ്ര സർക്കാർ ഇപ്പോൾ നയം വ്യക്തമായിക്കഴിഞ്ഞു. ഇനി അതിലെ ശരിതെറ്റുകൾ അന്വേഷിക്കുന്നതിൽ കാര്യമില്ല. എന്നാൽ ഈ നയം കൂടുതൽ മനസ്സിലാക്കിയിരിക്കുക എന്നത് പ്രധാനമാണ്, അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ആറു ലേഖനങ്ങൾ കൂടി പ്ലാൻ ചെയ്യുന്നുണ്ട്.
1. സ്‌കൂൾ വിദ്യാഭ്യാസം
2. ഉന്നത വിദ്യാഭ്യാസം
3. ഭാഷാ പഠനം
4. വൊക്കേഷണൽ വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും
5. സ്വകാര്യ മേഖലയും വിദ്യാഭ്യാസവും
6. അധ്യാപകരുടെ വിദ്യാഭ്യാസം
ഇതിലോരോന്നിലും നയത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളല്ല, മറിച്ച് എങ്ങനെയാണ് പുതിയ നയത്തിലെ നിർദ്ദേശങ്ങൾ കേരളത്തിന് ഗുണകരമാകുന്നത് അഥവാ ദോഷകരമാകാവുന്നത്, എങ്ങനെയാണ് കേരളത്തിന് പുതിയ നയത്തിലെ അവസരങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നത് എന്ന തരത്തിലാണ് എഴുതാൻ ഉദ്ദേശിക്കുന്നത്.