തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതോടെ വിദ്യാഭ്യാസ രംഗത്തു തീരുമാനം എടുക്കുന്നതിനു സംസ്ഥാനത്തിനുള്ള അധികാരം കുറയുകയും കേന്ദ്രം പിടിമുറുക്കുകയും ചെയ്യും. നയത്തിൽ പറയുന്ന പല കാര്യങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിനോടകം കേന്ദ്രം നടപ്പാക്കിത്തുടങ്ങി. കരടു നയം സംബന്ധിച്ചു കേരളം നൽകിയ നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള പ്രധാന 3 വ്യവസ്ഥകൾ ഇപ്പോഴും കേരളം നടപ്പാക്കിയിട്ടില്ല. ഒന്നാം ക്ലാസിൽ ചേരാനുള്ള പ്രായം 6 ആക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും കേരളത്തിൽ ഇപ്പോഴും 5 ആയി തുടരുകയാണ്. അഞ്ചാം ക്ലാസ് യുപിയിൽ നിന്നും എട്ടാം ക്ലാസ് ഹൈസ്കൂളിൽ നിന്നും വേർപെടുത്തണമെന്ന നിർദേശവും നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രത്തിൽ നിന്നു സാവകാശം വാങ്ങി നീട്ടിക്കൊണ്ടു പോവുകയാണ്.
ഇതിനിടെ പുതിയ നയം അനുസരിച്ചു വിദ്യാഭ്യാസ അവകാശ നിയമത്തിൽ ഭേദഗതി വരുത്തിയാൽ കേരളത്തിലും നടപ്പാക്കേണ്ടിവരും. അതോടെ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളുടെ ഘടന മാറും. എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകരുടെ യോഗ്യതയും അവരുടെ വിന്യാസവും സർക്കാരിനു തലവേദനയാകും.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു സംയുക്ത അധികാരമുണ്ടായിരുന്ന മേഖലയിലാണ് കടന്നുകയറ്റം. നയത്തിൽ പറയുന്ന കാര്യങ്ങളിൽ പാർലമെന്റ് പാസ്സാക്കുന്നവ കേരളം നടപ്പാക്കേണ്ടി വരും. അല്ലാത്ത നിർദേശങ്ങൾ വിദ്യാഭ്യാസ രംഗത്തെ മാർഗരേഖയായി കണക്കാക്കിയാൽ മതി.
സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ സമ്പ്രദായം ഇതിനോടകം കേന്ദ്രം നിർത്തലാക്കിയിരുന്നു. സംസ്ഥാനത്തു 2 ലക്ഷത്തോളം പേർ പഠിച്ചിരുന്ന മേഖലയാണിത്. പകരം ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിക്കാനാണു നിർദേശം. കേരളം ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങാൻ ആലോചിക്കുന്നുണ്ട്.