കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ലൂയിസ് പീറ്റര്‍ അന്തരിച്ചു
കൊച്ചി: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും സഞ്ചാരിയുമായ ലൂയിസ് പീറ്റര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് വൈകീട്ടാണ് മരണം. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയാണ്. മുന്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
കേരളത്തിലെ സാഹിത്യസദസ്സുകളിലും കൂട്ടായ്‌മകളിലും സജീവസാന്നിധ്യമായ കവിയായിരുന്നു. ‘ലൂയി പാപ്പാ’ എന്നാണ് അറിയപ്പെട്ടിരുന്നത്. 1986ല്‍ ആദ്യ കവിത എഴുതിയ ലൂയിസ് പിന്നീട് നീണ്ട ഇരുപത് വര്‍ഷത്തിനുശേഷം 2006 ലാണ് കവിതയുമായി വീണ്ടും രംഗത്തു വരുന്നത്.
ഐഎഫ്‌എഫ്‌കെ അടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിലും സാസ്‌കാരിക കൂട്ടായ്മകളിലും സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഭാര്യ ഡോളി. മക്കള്‍ ദിലീപ്, ദീപു. ‘ലൂയിസ് പീറ്ററിന്റെ കവിതകള്‍’ എന്ന പുസ്തകം തൃശ്ശൂരിലെ 3000 ബിസി സ്‌ക്രിപ്റ്റ് മ്യൂസിയം എന്ന പ്രസാധകസംഘം പുറത്തിറക്കിയിട്ടുണ്ട്