മനില: വാഴ നാരിഴകളുപയോഗിച്ച് മാസ്ക്കക്കുകൾ നിർമ്മിക്കാമെന്ന് ഫിലിപ്പൈൻസ്. ആഗോളതലത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുന്നുകൂടുന്നത് കടുത്ത വെല്ലുവിളിയാണ്. ഇതിന് ആക്കംകൂട്ടുകയാണ് കൊറോണ വൈറസ് ബാധയെ പ്രതിരോധി ക്കുന്നതിൻ്റെ ഭാഗമായി ഉപയോഗിക്കുന്ന മാസ്ക്കുകൾ.
ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്കിലാണ് പൊതുവെ മാസ്ക്കുകൾ നിർമ്മിക്കപ്പെടുന്നത്. അവ ഉപയോഗിച്ചതിന് വലിച്ചെറിയപ്പെടുമ്പോൾ പ്ലാസ്റ്റിക്ക് മാലിന്യക്കൂമ്പാരങ്ങളുടെ പെരുക്കമാണ് സംഭവിക്കുന്നത്. ഇതിനൊരു പ്രതിവിധിയെന്നോണമാണ് വാഴനാരിൽ നിന്ന് മാസ്ക്ക് ഉല്പാദിപ്പിക്കാമെന്ന ഫിലിപ്പൈൻസിൻ്റെ കണ്ടെത്തൽ
അബാക്ക (ഒരുയിനം വാഴ) എന്ന ഫൈബർ പോളിസ്റ്റർ പോലെ മോടിയുള്ളതാണ്. രണ്ട് മാസത്തിനുള്ളിലത് മണ്ണിൽ അഴുകും. ഫിലിപ്പൈൻ ഫൈബർ ഏജൻസി മേധാവി കെന്നഡി കോസ്റ്റേൽസ് പറഞ്ഞതായി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.ഈ മഹാമാരിയിൽ ലോകമാസകലം സിന്തറ്റിക് ഫൈബറിൽ തീർത്ത മാസ്ക്കുകൾ വാങ്ങുകയാണ്. അവ കുപ്പകളിൽ കുന്നുകൂടുകയാണ്. അവ അഴുകാൻ വളരെയധികം സമയമെടുക്കും – കോസ്റ്റേൽസ് പറഞ്ഞു.
ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾ നിരോധിക്കാനുള്ള ആഗോള ശ്രമങ്ങൾക്ക് വെല്ലുവിളിയായിരിക്കുകയാണ് സിന്തറ്റിക് നിർമ്മിത മാസ്ക്കുകൾ. കൺസൾട്ടൻസി ഗ്രാൻഡ് വ്യൂ റിസർച്ചിനെ ഉദ്ധരിച്ച് ഡിസ്പോസിബിൾ മാസ്ക്കു കളുടെ വിൽപ്പന ഈ വർഷം ലോകമെമ്പാടും 200 മടങ്ങ് (166 ബില്യൺ ഡോളറിൻ്റെ വില്പപന) ഉയരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ വ്യാപാര ലേഖനത്തിൽ പറയുന്നു.
ഐക്യരാഷ്ട്ര ഭക്ഷ്യ-കാർഷിക ഓർഗനൈസേഷന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ അബാക്ക ഫൈബർ ഉൽപാദകരാണ് ഫിലിപ്പീൻസ്. ആഗോള ഉത്പാദനം ഈ വർഷം 100 മില്യൺ ഡോളറിലെത്തുമെന്നും പറയുന്നു.
പ്ലാസ്റ്റിക്കിന് പകരം ജൈവ വസ്തുക്കൾ മെഡിക്കൽ ഉപയോഗത്തിന് ഫലപ്രദവുമാകുമോയെന്നും വിലയെക്കുറിച്ചുള്ള ആശങ്കയുമാണ് പുതിയ ബദലുകൾ കണ്ടെത്തുന്നതിലും പരീക്ഷിക്കുന്നതിലുമുള്ള കമ്പനികളുടെ വിമുഖതക്ക് കാരണമാകുന്നത്.
വാഴനാരിൽ തീർത്ത മാസ്ക്കിന് എൻ-95 മാസ്കിനേക്കാൾ കൂടുതൽ പ്രതിരോധശേഷിയുണ്ട്. അപകടകരമായ കണങ്ങളെ ഫിൽട്ടർ ചെയ്യുന്നതിലുള്ള മികവുമണ്ടെന്ന് ഫിലിപ്പൈൻ സയൻസ് ആൻ്റ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ പ്രാഥമിക പഠനം പറയുന്നു.