ബീജിങ്ങ്: കോവിഡ് പ്രതിരോധം, സാമ്പത്തിക തകർച്ചയിൽനിന്നുള്ള തിരിച്ചുവരവ്, ബെൽറ്റ് ആൻഡ് റോഡ് പദ്ധതി തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയും തുടർനടപടിയും ചർച്ച ചെയ്യാൻ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങളുമായി ചൈന ആദ്യ സംയുക്ത വെർച്വൽ യോഗം നടത്തി. നാലിന പദ്ധതിയാണ് ചൈന ചർച്ചയിൽ മുന്നോട്ടുവച്ചത്.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അഫ്ഗാൻ ആക്ടിങ് വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മറും നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവാലിയും പങ്കെടുത്തതായി ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കു പകരം സാമ്പത്തിക കാര്യമന്ത്രി മഖ്ദൂം ഖുസ്റോ ബക്തിയാർ ആണ് പങ്കെടുത്തത്.
മഹാമാരിക്കെതിരെ ഐക്യത്തോടെ പോരാടണമെന്നും അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കണമെന്നും യോഗത്തിൽ ധാരണയായി. മഹാമാരിയെ പ്രതിരോധിക്കാൻ ഈ നാലു രാജ്യങ്ങളും പ്രാദേശിക സഹകരണം രൂപീകരിക്കണമെന്നും ചൈന – പാക്കിസ്ഥാൻ സഹകരണം ചൂണ്ടിക്കാട്ടി വാങ് യി വ്യക്തമാക്കി.
ചൈനീസ് വാക്സിൻ വികസിപ്പിച്ചുകഴിയുമ്പോൾ ഈ മൂന്നു രാജ്യങ്ങൾക്കും നൽകാമെന്നും അവരുടെ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കാമെന്നും യി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ മേന്മകൾ കണക്കിലെടുക്കണമെന്നും ഈ നാലു രാജ്യങ്ങളും മറ്റ് മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണവും ഇടപാടുകളും ശക്തിപ്പെടുത്തണമെന്നും മേഖലയിലെ സമാധാനവും സ്ഥിരതയും സംരക്ഷിക്കണമെന്നും യി പറഞ്ഞു. ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഈ ചർച്ചയ്ക്കു പിന്നിൽ ചൈനയുടെ നയതന്ത്ര, രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടിയുള്ളതായി നിരീക്ഷകർ കരുതുന്നു.