ചൈന : ചൈനയും അമേരിക്കയും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. തെക്കുപടിഞ്ഞാറന്‍ നഗരമായ ചെംഗ്ഡുവിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് പിടിച്ചെടുത്ത്, ദേശീയ പതാക താഴ്ത്തി ചൈന. ചാരപ്രവര്‍ത്തനം ആരോപിച്ച് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് പൂട്ടാന്‍ അമേരിക്ക ഉത്തരവിട്ടതിനു പിന്നാലെയാണ് ചെംഗ്ഡുവിലെ യുഎസ് കോണ്‍സുലേറ്റ് കെട്ടിടം ചൈന പിടിച്ചെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ കോണ്‍സുലേറ്റിലെ അമേരിക്കന്‍ പതാക താഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇന്നലെ രാവിലെ 10 ന് കോണ്‍സുലേറ്റിന് ചുറ്റുമുള്ള സ്ഥലത്തേക്കുള്ള പ്രവേശനം ചെംഗ്ഡുവിലെ പോലീസ് നിയന്ത്രിച്ചു. ചൈനീസ് അധികൃതര്‍ മുന്‍ വാതിലിലൂടെ കടന്ന് കോണ്‍സുലേറ്റ് ഏറ്റെടുത്തുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് കോണ്‍സുലേറ്റ് അടച്ച് നയതന്ത്ര ഉദ്യോഗസ്ഥരോട് തിങ്കളാഴ്ച രാജ്യം വിടാന്‍ ചൈന നിര്‍ദേശിക്കുകയായിരുന്നു. വ്യാപാര തര്‍ക്കത്തില്‍ തുടങ്ങി കൊറോണ വൈറസ് ബാധവരെ അമേരിക്ക ചൈന ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. ഗാല്‍വന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇന്ത്യന്‍ പക്ഷത്ത് നിലയുറപ്പിച്ചതും ചൈനയെ പ്രകോപിപ്പിച്ചു.
ഹ്യൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് ചാരപ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ ആരോപിച്ചിരുന്നു. 25 നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വാണിജ്യ ചാര ശൃംഖലയുടെ ഭാഗമാണിവരെന്നും യുഎസ് നീതിന്യായവകുപ്പ് അവകാശപ്പെടുന്നു. ഹ്യൂസ്റ്റണിലെ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ യുഎസ് ചൈനയ്ക്ക് ഏകദേശം 72 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഞങ്ങള്‍ നിരാശരാണ്, ചൈനയിലെ ഞങ്ങളുടെ മറ്റ് പോസ്റ്റുകള്‍ വഴി ഈ സുപ്രധാന മേഖലയിലെ ജനങ്ങളിലേക്ക് ഞങ്ങളുടെ വ്യാപനം തുടരാന്‍ ശ്രമിക്കും, ”യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് റോയിട്ടേഴ്സിന് അയച്ച ഇമെയിലില്‍ പറഞ്ഞു. ചെംഗ്ഡുവിലെ യുഎസ് കോണ്‍സുലേറ്റ് കാണാന്‍ ഇപ്പോള്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ‘ചൈനയും യുഎസും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചതില്‍ ഞങ്ങള്‍ക്ക് വളരെ സങ്കടമുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ യാത്ര ചെയ്യാനോ പഠിക്കാനോ ആഗ്രഹിക്കുന്ന ചൈനീസ് പൗരന്മാരെ ഓര്‍ത്ത് ആശങ്കയുണ്ടെന്നും ലീ പറഞ്ഞു.
1985 ല്‍ തുറന്ന ചെംഗ്ഡുവിലെ യുഎസ് കോണ്‍സുലേറ്റ് ചൈനയിലെ യുഎസ് മിഷന്റെ പ്രധാനപ്പെട്ട ഒരു ഔട്ട്‌പോസ്റ്റാണ്, ഇത് ടിബറ്റ് ഉള്‍പ്പെടെയുള്ള ചൈനയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയെയും സിചുവാന്‍, യുനാന്‍ പ്രവിശ്യകളെയും ഉള്‍ക്കൊള്ളുന്നു. കോവിഡിന് മുന്‍പുള്ള സമയങ്ങളില്‍ 50 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ കോണ്‍സുലേറ്റില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും 150 ചൈനീസ് ദേശീയ സ്റ്റാഫ് അംഗങ്ങളുണ്ടെന്നും യുഎസ് എംബസി ട്വിറ്ററില്‍ ചൈനീസ് ഭാഷയില്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.