എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) നിന്ന് കോടികള്‍ പിന്‍വലിക്കപ്പെടുന്നു. ഏപ്രില്‍ ഏഴു മുതല്‍ ഇതിനകം 30000 കോടി രൂപ പിന്‍വലിക്കപ്പെട്ടതായി ഇക്ക് ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണ വൈറസ് രോഗവ്യാപനം. തുടര്‍ന്നുള്ള അടച്ചുപൂട്ടല്‍. ഇത് ജനങ്ങളുടെ സാമ്പത്തികസ്ഥിതിയെ ഗുരുതരമായി ബാധിച്ചുവെന്നതിന്റെ പ്രകടമായ ലക്ഷണമാണ് കോടികളുടെ ഇപിഫ് പിന്‍വലിക്കല്‍. എട്ട് ദശലക്ഷം വരിക്കാരാണ് ഈ നാലു മാസത്തിനുള്ളില്‍ 30000 കോടി പിന്‍വലിച്ചത്. അടച്ചുപൂട്ടല്‍ തൊഴില്‍ ദിനങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കി. ഇത് വന്‍കിട – ചെറുകിട ഉല്പാദന – സേവന മേഖലകളിലെ ജീവനക്കാരുടെ വരുമാന നഷ്ടത്തില്‍ കലാശിച്ചു.
കുടില്‍ – ചെറുകിട വ്യവസായ മേഖലകളിലെ ജോലിക്കാരെയാണ് പ്രധാനമായും അടച്ചുപൂട്ടല്‍ വലച്ചത്. പണിയെടുത്ത കിട്ടുന്ന കൂലി അന്നന്നത്തെ ജീവിതം കഴിച്ചുകുട്ടുന്നതിനു മാത്രമേ തികയൂ. ഇക്കൂട്ടര്‍ക്ക് സമ്പാദ്യമെന്നതില്ല. ഇതിന്റെ പ്രതിഫലനമായാണ് അടച്ചുപൂട്ടലില്‍ വരുമാനം നിലച്ചുപോയവര്‍ അന്നന്ന് ജീവിക്കുന്നതിനായി വ്യാപകമായി ഇപിഎഫ് പിന്‍വലിക്കാന്‍ തുടങ്ങിയത്.
അടച്ചുപൂട്ടല്‍ സൃഷ്ടിച്ചത്തൊഴില്‍ നഷ്ടപ്പെടല്‍, ശമ്പളം വെട്ടികുറക്കല്‍ ഒപ്പം ചികിത്സാ ചെലവ് വര്‍ദ്ധന. ഇത്തരമൊരു സാമ്പത്തിക പ്രയാസം നിറഞ്ഞ സാഹചര്യമാണ് ഇപിഎഫ് പിന്‍വലിച്ച് ദിനേനെയുള്ള ജീവിത ചെലവിന് ഉപയോഗിക്കുവാന്‍ വരിക്കാരെ നിര്‍ബ്ബന്ധിതമാക്കുന്നത്. അടച്ചുപൂട്ടലിന്റെ ആദ്യഘട്ട – മാര്‍ച്ചില്‍ – ഉത്തേജക പാക്കേജില്‍ തന്നെ ഇപിഎഫ് പിന്‍വലിക്കല്‍ സ്‌ക്കീം കേന്ദ്ര ധനമന്ത്രാലം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഫണ്ട് പിന്‍വലിക്കുന്ന വരിക്കാര്‍ 10 ദശലക്ഷത്തോളമെത്തുമെന്നാണ്.
ഇത് 2021 സാമ്പത്തിക വര്‍ഷത്തിലെ ഫണ്ട് സ്വരൂപണത്തില്‍ നിഷേധാത്മകമായി പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് ഇപിഫ് ഉദ്യോഗസ്ഥര്‍.