വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പശ്ചാത്തലത്തിൽ ഗൂഗിൾ ഒരു വർഷത്തേക്ക് ‘വര്‍ക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു. ഗൂഗിൾ ജീവനക്കാർക്ക് അടുത്ത വര്‍ഷം ജൂണ്‍ 30 വരെ വീട്ടിലിരുന്നായിരിക്കും ജോലി. കോവിഡ് വ്യാപനത്തേത്തുടർന്ന് താൽക്കാലികമായി നടപ്പാക്കിയ വർക്ക് ഫ്രം ഹോം സൗകര്യം അംഗീകരിച്ചു കൊണ്ടാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.
ആൽഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചെ ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കി – ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്ന് ജോലി എന്ന തീരുമാനം അടുത്തവര്‍ഷം ജൂണ്‍ 30വരെ തുടരും. ഇത്തരത്തിലൊരു തീരുമാനം ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുവാന്‍ ഉതകുന്ന തരത്തിലാണ്, ആൽഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചെ പറയുന്നു.
ഗൂഗിളിലെയും മാതൃസ്ഥാപനമായ ആൽഫാബെറ്റ് ഇൻകോർപറേഷനിലെയും രണ്ട് ലക്ഷത്തോളം പൂർണസമയ, കരാർ ജീവനക്കാർക്കാണ് പുതിയ തീരുമാനം ബാധകമാകുക എന്നാണ് വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.