മുംബൈ: കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടേയും പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
“എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി… കോവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങി. ഞാനും അച്ഛനും തുടര്‍ന്നും ആശുപത്രിയില്‍ പരിചരണത്തില്‍ തുടരും”- അഭിഷേക് ട്വിറ്ററില്‍ കുറിച്ചു.
മുംബയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ആരാധ്യ എന്നിവര്‍ കോവിഡ് രോഗത്തിന് ചികിത്സ തേടി അഡ്മിറ്റായത്.
കുടുംബത്തില്‍ അമിതാഭ് ബച്ചനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ശേഷം ഹോം ക്വാറന്ൈറനിലായിരുന്നു ഐശ്വര്യയും ആരാധ്യയും. ജൂലൈ പതിനെട്ടിനാണ് ഇരുവരെയും നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബച്ചന്‍ കുടുംബവുമായി അടുത്തിടപഴകിയവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നെങ്കിലും ജയബച്ചന് അടക്കമുള്ള ആളുകള്‍ രോഗബാധിതരല്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.