ദോഹ: മുന്‍ ബാഴ്സലോണ ഫുട്ബോള്‍ താരം സാവി ഫെര്‍ണാണ്ടസിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. താരം ഇപ്പോള്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുകയാണ്.
തനിക്ക് കാര്യമായ മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും കോവിഡ് മാറി വൈകാതെ തന്നെ ഫുട്ബോളിലേക്ക് മടങ്ങി എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും താരം കുറിച്ചു.
ഖത്തര്‍ ക്ലബായ അല്‍ സാദിന്റെ പരിശീലകനാണ് സാവി. അല്‍ സാദിന്റെ റിസര്‍വ് പരിശീലകനും ടെക്നിക്കല്‍ സ്റ്റാഫ് തലവനുമായ ഡേവിഡ് പ്രാറ്റ്സ് ടീമിനെ പരിശീലിപ്പിക്കുമെന്ന് സാവി അറിയിച്ചു.
സ്പാനിഷ് ഫുട്ബാള്‍ ക്ലബായ ബാഴ്സലോണയുടെ ഇതിഹാസ താരമായ സാവി ലോകം കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.