ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ കമാന്‍ഡര്‍ ഖലിഫ ഹഫ്തറിന്റെ ലിബിയന്‍ നാഷണല്‍ ആര്‍മിക്ക് റഷ്യ ആയുധമെത്തിച്ചു നല്‍കുന്നുവെന്ന ആരോപണവുമായി യുഎസ് ഭരണകൂടം. ലിബിയയിലെ പ്രധാന എണ്ണ കയറ്റുമതി ടെര്‍മിനലുകളുടെ കവാടമായി കാണപ്പെടുന്ന മധ്യ തീരദേശ നഗരമായ സയ്‌റത്തിലാണ് ഇപ്പോള്‍ പോരാട്ടം കനക്കുന്നത്.
തുര്‍ക്കി പിന്തുണയുള്ള ജിഎന്‍എ സയ്‌റത്ത് – ജുഫറ മേഖലകള്‍ തങ്ങളുടെ അധീനതയിലാക്കുവാനുള്ള സൈനീക മുന്നേറ്റം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരെയുള്ള ചെറുത്തുനില്പ് തുടരുന്ന ലിബിയന്‍ നാഷണല്‍ ആര്‍മിയെ ഇനിയും റഷ്യ ആയുധവല്‍ക്കുന്നുവെന്നാണ് യുഎസ് മിലട്ടറി വിഭാഗത്തിന്റെ ആരോപണമെന്ന് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയുടെ ഇപ്പോഴത്തെ ഈ നടപടി ആയുധ വിതരണ ഉപരോധ വ്യവസ്ഥകളുടെ ലംഘനമാണെന്ന് യുഎസ് ഭരണകൂട ആരോപിക്കുന്നു. റഷ്യന്‍ ആസ്ഥാനമായുള്ള സ്വകാര്യ ആയുധ നിര്‍മ്മാതാക്കളായ വാഗന്‍ ഗ്രൂപ്പാണ് ലിബിയന്‍ നാഷണല്‍ ആര്‍മിക്ക് ആയുധങ്ങളെത്തിച്ചുനല്‍കുന്നത്.
ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളുടെ പിന്‍ബലത്തിലാണ് യുഎസിന്റെ ആരോപണം. ചിത്രങ്ങള്‍ വിളിച്ചോതുന്നത് ലിബിയയിലെ ആ ഭ്യന്തര യുദ്ധത്തില്‍ റഷ്യയുടെ സൈനികമായ ഇടപ്പെടല്‍ സജീവമാണെന്നാണ്. ലിബിയയില്‍ കാലുറപ്പിക്കുവാനുള്ള റഷ്യന്‍ നീക്കം ഇനിയുമവര്‍ ശക്തിപ്പെടുത്തുകയാണെന്നതിന്റെ ശക്തമായ തെളിവുകളാണ് സാറ്റലൈറ്റ് ചിത്രങ്ങളെന്ന് യുഎസ് ആര്‍മി ബ്രിഗേഡിയര്‍ ഗ്രിഗറി ഹഡ ഫീല്‍ഡ് ആര്‍മിയുടെ വെബ്ബ്‌സൈറ്റില്‍ കുറിച്ചു.
നാലു പതിറ്റാണ്ടിനുശേഷം 2011 ല്‍ ആസൂത്രിത രക്തരൂക്ഷിത കലാപത്തില്‍ ലിബിയന്‍ അധിപതി കേണല്‍ ഗദ്ദാഫി വധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ലിബിയയില്‍ ലോകം കണ്ടത് അധികാരത്തിനായ് വിമത പക്ഷങ്ങള്‍ തമ്മിലുള്ള സായുധ കലാപങ്ങള്‍. സംഹാര താണ്ഡവമാടിയ ആഭ്യന്തര യുദ്ധം. ലിബിയ ഇപ്പോഴും രണഭൂമി തന്നെ.
പോരടിക്കുന്ന പക്ഷങ്ങള്‍ക്ക് പിന്തുണയുമായി ഒരു ഭാഗത്ത് ലിബിയന്‍ നാഷണല്‍ ആര്‍മിക്ക് വേണ്ടി മോസ്‌ക്കോയും മറുഭാഗത്ത് ജിഎന്‍എയ്ക്കായ്ഇസ്താംബുളും നിലയുറപ്പിക്കുന്നു.വര്‍ഷങ്ങളായി തുടരുന്ന ഈ ബാഹ്യ ഇടപ്പെടലുകളാണ് ലിബിയന്‍ മണ്ണിനെ ഏറെ രക്തപങ്കിലമാക്കുന്നത്. ലിബിയന്‍ മണ്ണിലെ സമ്പുഷ്ഠമായ എണ്ണയിലാണ് പ്രധാനമായും പക്ഷംപിടിച്ചിട്ടുള്ളവരുടെ കണ്ണ്.