ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ 100 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തുമെന്ന് വി വര്‍ക് ഗ്ലോബല്‍. കൊറോണയെ തുടര്‍ന്ന് ആളുകള്‍ ഓഫീസ് വിട്ട് വീടുകളില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഓഫീസ് ഷെയറിങ് സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ പ്രമുഖ സ്ഥാപനമാണ് വി വര്‍ക്ക്. മെയ് മാസത്തില്‍ 100 തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ടിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ചെലവ് ചുരുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു തീരുമാനം.
തങ്ങളുടെ ആദ്യ ധനസമാഹരണ പ്രയത്‌നത്തിലൂടെ കിട്ടുന്ന തുക ഇന്ത്യയില്‍ സുസ്ഥിര വികസനം ലക്ഷ്യമാക്കി നിക്ഷേപിക്കാനാണ് കമ്പനിയുടെ ഉദ്ദേശം. അടുത്ത 36 മാസത്തിനുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം. ഐസിഐസിഐ ബാങ്ക് വഴി 100 ദശലക്ഷം ഡോളര്‍ സമാഹരിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 200 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ കമ്പനി ആലോചിച്ചിരുന്നെങ്കിലും ആ പദ്ധതി യാഥാര്‍ത്ഥ്യമായിരുന്നില്ല.