ലണ്ടന്‍: ആറു തരത്തില്‍പെട്ട കോവിഡ് രോഗമുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്നും ബ്രിട്ടീഷ് ഗവേഷകരുടെ കണ്ടെത്തല്‍. കോവിഡ് രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് ലണ്ടനിലെ കിങ് കോളജിലെ ഗവേഷകരാണ് കണ്ടുപിടിത്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
വരും ദിവസങ്ങളില്‍ രോഗികള്‍ക്കു ചികിത്സ നിശ്ചയിക്കുന്നതില്‍ ഡോക്ടര്‍മാരെ ഏറെ സഹായിക്കുന്ന വിലയിരുത്തലാണിതെന്നാണു കരുതുന്നത്. രോഗതീവ്രത, ശ്വാസതടസം, ഓക്‌സിജന്‍, വെന്റിലേറ്റര്‍ സഹായം വേണമോ തുടങ്ങി പല കാര്യങ്ങളുമായി ബന്ധപ്പെട്ടാവും ഏതു തരത്തിലുള്ള രോഗമാണെന്നു നിശ്ചയിക്കുക.
വൈറസ് ബാധയുണ്ടായി അഞ്ചാം ദിവസം ഇതില്‍ ഏതു വിഭാഗത്തില്‍പെട്ടയാളാണു രോഗി എന്നു പ്രവചിക്കാന്‍ കഴിഞ്ഞാല്‍ അവരെ സഹായിക്കാനും പ്രാരംഭഘട്ടത്തില്‍ത്തന്നെ ഇടപെടല്‍ നടത്താനും കഴിയും. രക്തത്തിലെ ഓക്‌സിജന്റെ അളവും പഞ്ചസാരയുടെ അളവും നിരീക്ഷിക്കാനും കൃത്യമായി ജലാംശം ശരീരത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ചുമ, പനി, ഗന്ധം നഷ്ടമാകല്‍ എന്നീ മൂന്ന് ലക്ഷണങ്ങള്‍ക്കു പുറമേ തലവേദന, മസില്‍ വേദന, വയറിളക്കം, ദഹനക്കുറവ്, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളും ട്രാക്കിങ് ആപ്പില്‍നിന്നു കണ്ടെത്തി.
പനിയില്ലാതെ ഫ്ലൂ പോലുള്ള അവസ്ഥ(ലക്ഷണങ്ങള്‍: തലവേദന, ഘ്രാണശേഷി നഷ്ടമാകല്‍, ചുമ, തൊണ്ടവേദന, നെഞ്ചുവേദന)
പനിയോടെ ഫ്ലൂ പോലുള്ള അവസ്ഥ (ലക്ഷണങ്ങള്‍: തലവേദന, ഗന്ധം നഷ്ടമാകല്‍, ചുമ, തൊണ്ടവേദന, തൊണ്ടയടപ്പ്, പനി, ദഹനക്കുറവ്)
ഗാസ്‌ട്രോഇന്റസ്‌റ്റൈനല്‍ (ലക്ഷണങ്ങള്‍: തലവേദന, ഗന്ധശേഷി നഷ്ടമാകല്‍, ദഹനക്കുറവ്, വയറിളക്കം, തൊണ്ടവേദന, നെഞ്ചുവേദന, ചുമ ഇല്ലാതിരിക്കല്‍)
ഗുരുതരമായ ലെവല്‍ 1 (ലക്ഷണങ്ങള്‍: തലവേദന, ഗന്ധനഷ്ടം, ചുമ, പനി, തൊണ്ടയടപ്പ്, നെഞ്ചുവേദന, തളര്‍ച്ച)
ഗുരുതരമായ ലെവല്‍ 2 (ലക്ഷണങ്ങള്‍: തലവേദന, ഗന്ധനഷ്ടം, ചുമ, പനി, തൊണ്ടയടപ്പ്, നെഞ്ചുവേദന, ദഹനക്കുറവ്, കണ്‍ഫ്യൂഷന്‍, തൊണ്ടവേദന, പേശിവേദന)
ഗുരുതരമായ ലെവല്‍ 3 (ലക്ഷണങ്ങള്‍: തലവേദന, ഗന്ധനഷ്ടം, ചുമ, പനി, തൊണ്ടയടപ്പ്, നെഞ്ചുവേദന, തളര്‍ച്ച, ദഹനക്കുറവ്, തൊണ്ടവേദന, കണ്‍ഫ്യൂഷന്‍, പേശിവേദന, ശ്വാസതടസം, വയറിളക്കം, വയറുവേദന) തുടങ്ങിയവയാണ് ആറു തരം രോഗലക്ഷണങ്ങള്‍.