മുംബൈ : ആത്മഹത്യ ചെയ്ത നടന്‍ സുശാന്ത് സിങ്ങിന്റെ കാമുകിയായിരുന്ന നടി റിയ ചക്രവര്‍ത്തിയെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും സമൂഹമാധ്യമങ്ങളില്‍ ഭീഷണിമുഴക്കിയ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നടന്റെ ആത്മഹത്യയ്ക്കു പിന്നില്‍ റിയയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ചാണു ഭീഷണി.
ഇൻസ്റ്റഗ്രാം വഴി ഭീഷണി മുഴക്കിയ 2 പേർക്ക് എതിരെയാണു കേസ് എടുത്തിരിക്കുന്നത്. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും മഹാരാഷ്ട്ര സൈബർ സെൽ അറിയിച്ചു. ഉടന്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
“ഇന്ത്യൻ പീനൽ കോഡ് സെക്ഷനുകൾ 507, 509, ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ പ്രസക്തമായ വ്യവസ്ഥകൾ എന്നിവ പ്രകാരം ശനിയാഴ്ച ഞങ്ങൾ എഫ്ഐആർ രജിസ്റ്റർ ചെയ്തു,” സാന്റാക്രൂസ് പോലീസ് സ്റ്റേഷന്റെ സീനിയർ ഇൻസ്പെക്ടർ ശ്രീറാം കൊരെഗാവ്കർ പറഞ്ഞു. ( ‘ദി ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു)
അശ്ലീല, ഭീഷണി സന്ദേശങ്ങളോടെ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന കമന്റുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റിയ ചക്രവർത്തി സംഭവം അന്വേഷിക്കണമെന്നു സൈബർ പൊലീസിനോട് അഭ്യർഥിച്ചിരുന്നു. പിന്നാലെയാണു നടപടി.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്കു കൈമാറണമെന്നു റിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതികരിച്ചു.