ആലുവ: കടന്നുപോകുന്ന വഴിയിലൊരു കണ്ണുവേണം. കനിവുതേടിയൊരാള്‍ വഴിയിലുണ്ടെങ്കിലോ? ഇങ്ങനെയൊരു വഴിയാത്രക്കാരന്‍റെ ശ്രദ്ധയും പോലീസിന്‍റെ കരുതലുമാണ് കഴിഞ്ഞദിവസം ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷന് സമീപം ഒരു ജീവന് കൂട്ടായത്.
എറണാകുളത്ത് നിന്ന് ആലുവയിലേക്കുളള യാത്രയ്ക്കിടെ രാത്രി ഏഴ് മണിക്കാണ് മുഹമ്മദ് ഷിയാസ് എന്ന യാത്രക്കാരന്‍ ദേശീയപാതയില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണുന്നത്. ഒന്നു ശ്രദ്ധതെറ്റിയാല്‍ മറ്റ് വാഹനങ്ങള്‍ ഇടിക്കുന്ന തരത്തില്‍ പാര്‍ക്ക്ലൈറ്റില്ലാതെ റോഡിന് നടുക്ക് നിര്‍ത്തിയിരുന്ന വാഹനത്തിന്‍റെ ഇടത് വശത്ത്കൂടി വെട്ടിച്ച് കയറിപോകവെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തെ മുഹമ്മദ് ഷിയാസ് ശ്രദ്ധിച്ചു. ഡ്രൈവര്‍ സ്റ്റിയറിംങ്ങിലേക്ക് കമിഴ്ന്ന് കിടക്കുന്നത് കണ്ടപ്പോള്‍ മദ്യപിച്ച് കിടക്കുകയാകുമെന്ന് കരുതി. തിരക്ക് കാരണം കുറച്ച് മുന്നിലേക്ക് ഓടിച്ചെങ്കിലും കാറിന്‍റെ കിടപ്പില്‍ അസ്വാഭാവികത തോന്നി തിരിച്ചുവന്ന് ഗ്ലാസില്‍ തട്ടിവിളിച്ചു. ഡ്രൈവര്‍ തല അനക്കുന്നുണ്ടെങ്കിലും പ്രതികരിക്കുന്നില്ല. കാറിനകത്ത് വലിയ ശബ്ദത്തില്‍ പാട്ടും വച്ചിട്ടുണ്ട്.
മറ്റ് വാഹനങ്ങള്‍ കാറിന് പുറകിലിടിക്കാതെ വഴി തിരിച്ചുവിടാന്‍ ശ്രമിക്കവെ ആലുവ റൂറല്‍ അഡീഷണല്‍ എസ്.പി ഇ.എന്‍ സുരേഷ് അതുവഴി വന്നു. തിരക്കിട്ടിറങ്ങി വിവരം തിരക്കിയ അദ്ദേഹം ഡ്രൈവറെ വിളിച്ചുണര്‍ത്താനും കാറ് തുറക്കാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടനെ ആലുവ സ്റ്റേഷനിലേക്ക് വിവരമറിയിച്ച് കൂടുതല്‍ പോലീസുകാരെ എത്തിച്ചു. കോവിഡ് കാലമായതിനാല്‍ കൂടുതല്‍ പോലീസുകാരെത്തും വരെ ആളുകള്‍ കൂട്ടം കൂടാതിരിക്കാനും മറ്റും അഡീഷണല്‍ എസ്.പി പ്രത്യേകം ശ്രദ്ധിച്ചു. മിനിട്ടുകള്‍ക്കം ആലുവ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്കുമാറും സംഘവുമെത്തി. കാര്‍ തുറക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഇന്‍സ്പെക്ടര്‍ പിന്നിലെ ഡോര്‍ ഗ്ലാസ് പൊട്ടിച്ച് കാര്‍ തുറന്ന് ഡ്രൈവറെ ഉണര്‍ത്താന്‍ ശ്രമിച്ചു. ഗ്ലാസ് പൊട്ടിക്കുന്നതിനിടെ കൈയില്‍ ആഴത്തില്‍ മുറിവ് പറ്റിയിട്ടും അതൊന്നും വകവയ്ക്കാതെ പ്രഥമശുശ്രൂഷ നല്‍കിയശേഷം അതേവാഹനത്തില്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ആലപ്പുഴ സ്വദേശിയായ യാത്രക്കാരന് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധം നഷ്ടപ്പെട്ടുപോയതായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ മുറിവ്പറ്റിയ കൈയ്യില്‍ നാല് തയ്യല്‍ ഇടേണ്ടിവന്നെങ്കിലും തക്കസമയത്ത് വൈദ്യസഹായം നല്‍കി ഒരുജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യത്തിലാണ് ആലുവ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്കുമാര്‍. കോവിഡ് രോഗം അതിവേഗം പടരുന്ന സാഹചര്യമായതിനാല്‍ മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനാണ് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അസുഖബാധിതനെ അതേ വാഹനത്തില്‍ തന്നെ പോലീസുകാര്‍ ആശുപത്രിയിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വഴിയരികിലെ ഇത്തരം ചെറിയ സംഭവങ്ങള്‍ അവഗണിക്കാതെ കരുണയോടെ പ്രവര്‍ത്തിച്ച മുഹമ്മദ് ഷിയാസ് മറ്റുളളവര്‍ക്ക് മാതൃകയാണ്.