ന്യൂ ഡല്‍ഹി: ഈ വർഷം സ്കൂളുകൾ എപ്പോൾ തുറക്കണം എന്നത് സംബന്ധിച്ച് മാതാപിതാക്കളുടെ അഭിപ്രായം തേടി മാനവ വിഭവശേഷി മന്ത്രാലയം (എംഎച്ച്ആർഡി). എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് മന്ത്രാലയം ഈ ആവശ്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് അടച്ചിട്ട സ്കൂളുകൾ എപ്പോൾ തുറക്കണം, സ്കൂളുകളിൽ എന്ത് മാറ്റങ്ങൾ വരുത്തണം തുടങ്ങിയ കാര്യങ്ങളിലാണ് മന്ത്രാലയം അഭിപ്രായം തേടിയിരിക്കുന്നത്. ജൂലൈ 20 നകം പ്രതികരണങ്ങൾ സമർപ്പിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയത്തിന്റെയും, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചതിനുശേഷം മാത്രമേ സ്വീകരിക്കൂ. ഇതിനു മുന്നോടിയായാണ് മാനവ വിഭവശേഷി മന്ത്രാലയം മാതാപിതാക്കളുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. സ്കൂളുകൾ വീണ്ടും തുറന്നുകഴിഞ്ഞാൽ അവ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെയായിട്ടില്ല.