ദോഹ: കോവിഡ് ആശങ്കകൾ തുടരുന്നതിനിടെ ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റെയും വാർത്തയുമായി ഫിഫ. 2022 ഖത്തർ ലോകകപ്പിന്റെ മത്സര ക്രമം പുറത്തുവിട്ടാണ് ഫിഫ ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയത്. ഉദ്ഘാടന മൽസരം നവംബർ 21ന് ദോഹ സമയം ഉച്ചക്ക് ഒന്നിന് അൽബെയ്ത്ത് സ്റ്റേഡിയത്തിൽ നടക്കും. ഖത്തർ ദേശീയദിനമായ ഡിസംബർ 18ന് വൈകുന്നേരം ആറിന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം. ഇന്ത്യൻ സമയം ഉച്ചക്ക് 3.30, വൈകീട്ട് 6.30, രാത്രി 8.30, 10.30, 12.30 എന്നിങ്ങനെയാണ് മത്സരങ്ങളുടെ സമയ ക്രമം.
ഗ്രൂപ്പ് ഘട്ടത്തിൽ ദിവസം നാല് മൽസരങ്ങളാണുണ്ടാവുക. ഉച്ച തിരിഞ്ഞ് 1.00, 4.00 വൈകിട്ട് 7.00, രാത്രി 10.00 എന്നിങ്ങനെയാണ് ഗ്രൂപ്പ് മൽസരങ്ങളുടെ പ്രാദേശിക കിക്കോഫ് സമയം. ടീമുകൾക്ക് വിശ്രമിക്കാൻ ആവശ്യമായ സമയം കിട്ടുന്ന തരത്തിൽ 12 ദിവസമായാണ് ഗ്രൂപ്പ് ഘട്ടം നടക്കുക. ദിവസം നാല് മൽസരങ്ങൾ. നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ വൈകിട്ട് 6.00നും 10.00നും നടക്കും. മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായുള്ള പ്ലേ ഓഫ് മത്സരത്തിന് ഖലീഫ രാജ്യാന്തര സ്റ്റേഡിയം വേദിയാകും. ഡിസംബർ 17നാണ് മത്സരം.
60,000 പേർക്കിരിക്കാവുന്ന അൽബെയ്ത് സ്റ്റേഡിയത്തിൻെറ വിസ്മയക്കാഴ്ചകളിലേക്ക് കൂടിയായിരിക്കും 2022 ലോകകപ്പിൻെറ ഉദ്ഘാടന മത്സരം മിഴിതുറക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെന്റിന്റെ മാതൃകയിലാണ് അൽബെയ്ത് സ്റ്റേഡിയം. നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ലുസൈൽസ്റ്റേഡിയത്തിൽ ദോഹ സമയം വൈകുന്നേരം ആറിനാണ് ഫൈനലിന് വിസിലുയരുക. 80,000 കാണികൾക്കിരിക്കാൻ ശേഷിയുള്ളതാണ് ലുസൈൽ സ്റ്റേഡിയം.
ലോകകപ്പ് ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യതാ റൗണ്ട് അവസാനിക്കുന്ന 2022 മാർച്ച് അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളുടെ അവസാന ചിത്രം തെളിയും. മാർച്ചിന് ശേഷമായിരിക്കും ടീമുകളുടെ ഗ്രൂപ്പ് നറുക്കെടുപ്പ്. ലോകകപ്പ് ടിക്കറ്റുകൾ FIFA.com/tickets എന്ന വെബ്സൈറ്റ് വഴി മാത്രമായിരിക്കും വിൽപന നടത്തുക. മത്സരങ്ങളുടെ സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിവരങ്ങൾ പിന്നീട് പുറത്തുവിടും.