തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനായുള്ള പ്രവേശന-പരീക്ഷ (കീം -2020) വ്യാഴാഴ്‌ച രാവിലെയും ഉച്ചയ്ക്കുമായി കേരളത്തിലെ വിവിധ ജില്ലകളിലും, മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും നടക്കും. 1,12,000 വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. എല്ലാ പരീക്ഷാകേന്ദ്രങ്ങളും പൂർണമായി ഒരുങ്ങി കഴിഞ്ഞു.
വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റ് വഴി ലഭ്യമാകുന്ന അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച ഐഡി പ്രൂഫുമായി പരീക്ഷയ്ക്ക് ഹാജരാകാം. പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കണം.
മാസ്ക് നിർബന്ധ മായും ധരിച്ചിരിക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾ, ക്വാറന്റൈനിൽ നിന്നുമുള്ള വിദ്യാർഥികൾ, രോഗലക്ഷണമുള്ള വിദ്യാർഥികൾ എന്നിവർ അവർക്ക് അനുവദിച്ച പ്രത്യേക മുറിയിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി പരീക്ഷ എഴുതണം. വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ് സൈറ്റിൽ ലഭ്യമായ പരീക്ഷാ സംബന്ധമായ വിജ്ഞാപനങ്ങൾ സശ്രദ്ധം വായിക്കണമെന്നും. സംശയം ഉണ്ടായാൽ 0471 2525300 ഹെൽപ് ലൈൻ നമ്പറിൽ വിളിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.