വേപ്പിലയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് നന്നായി അറിയാം. ചര്‍മ്മരോഗങ്ങളില്‍ നിന്നും അലര്‍ജികളില്‍ നിന്നും രക്ഷ നേടാന്‍ വേപ്പില പതിറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട്. വേപ്പിലയുടെ സംസ്‌കൃത പേരാണ് നിംബ. ഇതിനര്‍ത്ഥം നല്ല ആരോഗ്യം എന്നാണ്. കയ്പുള്ളതിനാല്‍ വേപ്പില കഴിക്കുന്നത് എളുപ്പമല്ലെങ്കിലും നിങ്ങളുടെ ദിനചര്യയില്‍ ഇത് ഉള്‍പ്പെടുത്താന്‍ മറ്റ് വഴികളുണ്ട്. വേപ്പിലയിട്ട വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം ത്വക്കിനുണ്ടാകുന്ന അലര്‍ജികള്‍ക്കും വേപ്പില നല്ല മരുന്നാണ്. ജലദോഷം മാറാനും ഇവ നമ്മളെ സഹായിക്കും. മാത്രമല്ല, ഉയര്‍ന്ന പ്രതിരോധശേഷി നിലനിര്‍ത്തുമെന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ വേപ്പിലയിട്ട വെള്ളത്തില്‍ കുളിക്കുന്നത് മുഖക്കുരു, പാടുകള്‍, ബ്ലാക്ക് ഹെഡ്‌സ് എന്നിവയും ഭേദമാക്കും. കൂടാതെ ശരീര ദുര്‍ഗന്ധവും ഒരു പരിധി വരെ മാറാന്‍ സഹായിക്കുന്നു.
വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ഈര്‍പ്പം കൂടുതലുള്ള പ്രദേശങ്ങളില്‍ ആളുകള്‍ക്ക് ചര്‍മ്മ അലര്‍ജികള്‍ ഉണ്ടാകാം. വേപ്പ് ഒരു ആന്റിമൈക്രോബയല്‍ ഏജന്റായി പ്രവര്‍ത്തിക്കുകയും സോറിയാസിസ്, എക്‌സിമ എന്നിവ പോലുള്ള ചര്‍മ്മരോഗങ്ങള്‍ മാറാന്‍ സഹായിക്കുകയും ചെയ്യും. അതുപോലെ, ശൈത്യകാലത്ത്, കമ്പിളി തൊപ്പികള്‍, സ്‌കാര്‍ഫുകള്‍ തുടങ്ങിയവയുടെ നിരന്തരമായ ഉപയോഗം മൂലം ധാരാളം ആളുകള്‍ മുടി കൊഴിയുന്നതായി പരാതിപ്പെടുന്നു. ശൈത്യകാലത്ത് നിന്ന് വേനല്‍ക്കാലത്തേക്ക് മാറുമ്പോള്‍ വേപ്പ് വെള്ളത്തില്‍ മുടി കഴുകുന്നത് താരന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.