ചണ്ഡിഗഡ്: പത്താം ക്ലാസ് പാസ്സായതിന് ശേഷം പതിനൊന്നാം ക്ലാസിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വാട്ട്സ് ആപ്പിലൂടെ സൗകര്യമൊരുക്കി ഹരിയാന. പ്രവേശന നടപടികള്‍ക്ക് സ്കൂൾ രേഖകളും പത്താം ക്ലാസ് ഫലവും വാട്ട്സ് ആപ്പിലൂടെ സ്കൂൾ പ്രിൻസിപ്പലിന് അയച്ചു കൊടുക്കുകയാണ് വേണ്ടത്. നിലവിൽ ഫീസ് സമർപ്പിക്കേണ്ട ആവശ്യമില്ല.
ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് കോവിഡ് 19 മഹാമാരി വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഈ തീരുമാനം. വിദ്യാർത്ഥികളുടെ താത്പര്യം കൂടി കണക്കിലെടുത്തതായി പ്രസ്താവനയിൽ പറയുന്നു.
വിദ്യാർത്ഥികളുടെ സുരക്ഷയെ കൂടി മുൻനിർത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് മികച്ച വിജയം നേടിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചുകൊണ്ട് ഹരിയാന വിദ്യാഭ്യാസ മന്ത്രി കൻവർ പാൽ വ്യക്തമാക്കി. ഇത്തവണ 64.59 ആണ് വിജയശതമാനം. 2019ൽ 57.39 ഉം 2018 ൽ 51.15 ഉം ആയിരുന്നു.