വാഷിംഗ്ടണ്‍: എന്ത് വന്നാലും മാസ്ക് ധരിക്കില്ലെന്ന വാശി അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. ശനിയാഴ്ച വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്‍റര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഡോണാള്‍ഡ് ട്രംപ് മാസ്ക് ധരിച്ചത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകരെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ട്രംപ്.
പ്രസിഡന്‍ഷ്യല്‍ സീല്‍ പതിച്ച കറുപ്പ് മാസ്ക്കാണ് ട്ര൦പ് ധരിച്ചിരുന്നത്. ‘ഞാനൊരിക്കലും മാസ്ക്കുകള്‍ക്ക് എതിരല്ല. സമയവും സ്ഥലവും പരിഗണിച്ച് വേണം മാസ്ക് ധരിക്കാന്‍ എന്നാണ് എന്‍റെ വിശ്വാസം’ -വൈറ്റ് ഹൗസില്‍ നിന്ന് പുറപ്പെടും മുന്‍പ് ട്രംപ് പറഞ്ഞു.
എന്നാല്‍, ആശുപത്രിക്കുള്ളില്‍ മാസ്ക് ധരിച്ചെത്തിയ ട്രംപ് ഹെലികോപ്റ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ മാസ്ക് ധരിച്ചിരുന്നില്ല. കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിലും മാസ്ക് ധരിക്കില്ലെന്ന് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയിരുന്നു.
എന്നാല്‍, സൈനിക ആശുപത്രി സന്ദര്‍ശിക്കുന്ന വേളയില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണെന്ന് വിദഗ്തര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മാസ്ക് ധരിക്കാന്‍ ട്രംപ് തയാറായത്. അടുത്തിടെയായി ഏകദേശം 60,000 കേസുകളാണ് അമേരിക്ക(America)യില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 1,35,000 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.
യുഎസില്‍ 3.2 ദശലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. സ്ഥിതി വളരെ രൂക്ഷമായ സാഹചര്യത്തിലും യോഗങ്ങളിലും പൊതുപരിപാടികളിലും മാസ്ക് ധരിക്കാന്‍ ട്രംപ് തയാറായിരുന്നില്ല. മിഷിഗണിലെ ഫോര്‍ഡ് ഫാക്ടറിയില്‍ നടത്തിയ സന്ദര്‍ശത്തിനിടെ മാത്രമാണ് ഇതിനു മുന്‍പ് ട്രംപ് മാസ്ക് ധരിച്ചത്.