കോട്ടയം: കൃഷിസ്ഥലത്തു നിന്നു വീട്ടിലേക്കു മടങ്ങിയ നാലുവയസ്സുകാരൻ പായൽ നിറഞ്ഞ ചെറിയ കുളത്തിൽ വീണു മരിച്ചു. കോട്ടയം ഓണംതുരുത്ത് കളമ്പുകാട്ട് ഷിബുവിന്റെയും അനീഷയുടെയും മകൻ ഡാനിയേൽ ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. വീട്ടിൽ നിന്നു കുറച്ചകലെയുള്ള പറമ്പിൽ കപ്പ നടുന്നതിനു ഷിബുവിന്റെ പിതാവ് ഫിലിപ്പ് പോയപ്പോൾ കുഞ്ഞ് പറയാതെ പിന്നാലെ ചെന്നതാണ്.
പണിസ്ഥലത്ത് എത്തിയപ്പോൾ പിന്നിൽ കുഞ്ഞിനെക്കണ്ട ഫിലിപ്പ് തിരിച്ചു വീട്ടിൽ പോയിക്കോളാൻ പറഞ്ഞു. കുട്ടി തിരിച്ചുപോകുകയും ചെയ്തു. അൽപം കഴിഞ്ഞ് കുട്ടിയെ വീട്ടിൽ കാണാതെ വന്നപ്പോൾ ഫിലിപ്പിന്റെ ഭാര്യ ഏലമ്മ തിരക്കി പറമ്പിൽ കൃഷിപ്പണി നടക്കുന്നിടത്ത് എത്തി. അതോടെ വീട്ടുകാരും നാട്ടുകാരും ചേർന്നു തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പറമ്പിലെ നടപ്പാതയോടു ചേർന്നുള്ള പായൽ നിറഞ്ഞ കുളത്തിൽ വീണ കുട്ടി മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. ഏറ്റുമാനൂർ പൊലീസ് എത്തി കുട്ടിയെ പുറത്തെടുത്തു. ഉടനെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൃഷി ആവശ്യത്തിനു വേണ്ടി കുത്തിയ കുളത്തിൽ ആറടി താഴ്ചയിൽ വെള്ളമുണ്ട്. ഏറ്റുമാനൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ അനീഷ ജോലിക്കു പോയിരിക്കുകയായിരുന്നു. ഡാനിയേലിന്റെ സഹോദരങ്ങളായ ഡിയോണും ഡെൽവിനും ബന്ധുവീടുകളിലായിരുന്നു. ഡാനിയേലിന്റെ പിതാവ് ഷിബു കുവൈത്തിലാണ്. ഒരു വർഷം മുൻപ് നാട്ടിൽ വന്നു പോയ ഷിബു മാർച്ചിൽ വരാനിരിക്കെയാണു ലോക്ഡൗൺ ആയത്. സംസ്കാരം ഇന്ന് 3ന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.