ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. വായുസഞ്ചാരം കുറവുള്ള അടച്ചിട്ട ഇടങ്ങളില്‍ വൈറസ് വായുവിലൂടെ പകരുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ പ്രസ്താവനയില്‍ പറയുന്നത്.
രോഗിയായ ഒരാളുടെ വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന ശരീരസ്രവങ്ങളുടെ കണികകള്‍ മറ്റുള്ളവരുടെ ശരീരത്തിലെത്തുന്നതോടെ മാത്രമാണ് രോഗം പകരുന്നത് എന്ന അനുമാനത്തിലായിരുന്നു മാസങ്ങളോളമായി ആരോഗ്യരംഗം.
എന്നാല്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളുടെ അവശിഷ്ടങ്ങള്‍ വായുവില്‍ തങ്ങിനില്‍ക്കുകയോ, വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്‌തേക്കാമെന്നും ഇതുവഴി രോഗം പടര്‍ന്നേക്കാമെന്നുമാണ് ഇപ്പോള്‍ ഗവേഷകര്‍ അവകാശപ്പെടുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള 239 ഗവേഷകരാണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കിടയിലും തിരക്കേറിയ വായുസഞ്ചാരം കുറവുള്ള അടച്ചിട്ട ഇടങ്ങളിലും വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറുകണികകളിലൂടെ വൈറസ് പകരാന്‍ സാധ്യതയുണ്ട് – പ്രസ്താവനയില്‍ ഡബ്ലിയുഎച്ച്ഒ പറയുന്നു.
എന്നിരുന്നാലും ഈ സാഹചര്യങ്ങളില്‍ വൈറസ് പൂര്‍ണമായും വായുവിലൂടെയാണ് പകരുന്നതെന്ന് ലോകാരോഗ്യസംഘടന കരുതുന്നില്ല. തുള്ളികളിലൂടെയും, വാതില്‍പ്പിടി, സ്വിച്ചുകള്‍, പേന തുടങ്ങിയ അണുബാധയുണ്ടായ പ്രതലങ്ങളിലൂടെയും മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരാമെന്ന് ഡബ്ലിയുഎച്ച്ഒ പറയുന്നു.
വായുവിലൂടെ വൈറസ് പകരുമെന്ന് സ്ഥിരീകരിക്കപ്പെട്ടതിനാല്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്നും ഡബ്ലിയുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നതായിരിക്കും ഫലപ്രദം. കൈകഴുകുകയും സാമൂഹിക അകലം പാലിക്കുന്നതിനുമൊപ്പം തിരക്കേറിയ പൊതുഇടങ്ങള്‍, അടച്ചിട്ട വായുസഞ്ചാരം കുറവുളള ഇടങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
അതേസമയം ഗവേഷകരുടെ പുതിയ വാദത്തെ എതിര്‍ത്തുകൊണ്ട് മറ്റൊരു വിഭാഗവും സജീവമാകുന്നുണ്ട്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യവിദഗ്ധരാണ് ഇക്കൂട്ടത്തില്‍ അധികവും. ഇത്തരത്തില്‍ വായുവിലൂടെ രോഗം പകരുന്നുണ്ടെങ്കില്‍ ഇതുവരെ രോഗം പകര്‍ന്നുകിട്ടിയ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ഇത്രയല്ല, ഇതിലുമെത്രയോ ഇരട്ടിയായേനെ എന്നാണവര്‍ സമര്‍ത്ഥിക്കുന്നത്.