വാഷിങ്ടണ്‍: പ്രമുഖ ഹോളിവുഡ് നടന്‍ റോബർട്ട് ഡി നീറോ, കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് അഭിഭാഷക കരോലിന്‍ ക്രോസ്. 76കാരനായ റോബര്‍ട്ട് ഡി നീറോയില്‍ നിന്ന് അകന്ന് കഴിയുന്ന ഭാര്യ ഗ്രേസ് ഹൈറ്റവര്‍ കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകയായ ക്രോസ് ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയത്.
പ്രതിമാസം ലഭിക്കുന്ന സാമ്പത്തിക സഹായം 50,000 ഡോളറില്‍ നിന്ന് 100,000 ഡോളറായി ഉയര്‍ത്തണമെന്നായിരുന്നു ഗ്രേസ് ഹൈറ്റവറിന്‍റെ ആവശ്യം. എന്നാല്‍, കോവിഡ് 19, റോബര്‍ട്ട് ഡി നീറോയുടെ റസ്റ്റോറന്‍റ് ബിസിനസിനെ പ്രതിസന്ധിയിലാക്കിയെന്നും അതിനാലാണ് ഹൈറ്റവറിനു നല്‍കാനുള്ള പണം 50,000 ഡോളറായി ചുരുക്കിയതെന്നും കരോലിന ക്രോസ് വ്യക്തമാക്കി. റസ്റ്റോറന്‍റ് ശൃംഖലയായ നോബു ആന്‍ഡ് ഗ്രീന്‍വിച്ച് ഹോട്ടലിന് ഏപ്രില്‍ മാസത്തില്‍ 3 മില്യണ്‍ ഡോളറും, മെയ് മാസത്തില്‍ 1.87 മില്യണ്‍ ഡോളറും നഷ്ടമുണ്ടായതായും ക്രോസ് കൂട്ടിച്ചേര്‍ത്തു.
കടുത്ത സാമ്പത്തിക ഞെരുക്കത്തിലായ അദ്ദേഹം ബിസിനസ് പങ്കാളികളില്‍ നിന്ന് കടം വാങ്ങിയാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതെന്നും ക്രോസ് പറയുന്നു. റോബര്‍ട്ട് ഡി നീറോയുടെ വാര്‍ഷിക വരുമാനമായ 15 മില്യണ്‍ ഡോളറില്‍ നിന്ന് ഒരു മില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം നല്‍കാമെന്നായിരുന്നു ഭാര്യ ഗ്രേസ് ഹൈറ്റവറുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ വരുമാനത്തില്‍ സാരമായ കുറവ് വന്നതിനാല്‍ ഭാര്യയ്ക്കു നല്‍കുന്ന സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുന്നത് സ്വാഭാവികമാണെന്നും ക്രോസ് കോടതിയില്‍ പറഞ്ഞു. കൂടാതെ താരത്തിന്‍റെ സിനിമകള്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചതും സാമ്പത്തിക ബാധ്യതകള്‍ സൃഷ്ടിച്ചുവെന്ന് ക്രോസ് വ്യക്തമാക്കി.
പെട്ടെന്നുണ്ടായ ഈ സാമ്പത്തിക ഞെരുക്കത്തിന്‍റെ കഥ വിശ്വസനീയമല്ലെന്നും ഗ്രേസ് ഹൈറ്റവര്‍ തന്‍റെ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമായിരുന്നു, അവരുടെ അഭിഭാഷകന്‍റെ വാദം. എന്നാല്‍, 50,000 യുഎസ് ഡോളർ അത്യാവശ്യങ്ങള്‍ക്ക് ധാരാളമാണെന്നും ഹൈറ്റവറിന്‍റെ ആവശ്യം പരിഗണിച്ച് 75,000 ഡോളർ നല്‍കണമെന്നുമായിരുന്നു മാൻഹട്ടൻ സുപ്രീം കോടതി ജസ്റ്റിസ് മാത്യു കൂപ്പറിന്‍റെ ഉത്തരവ്.
1997ലാണ് റോബര്‍ട്ട് ഡി നീറോ, ഗ്രേസ് ഹൈറ്റവറുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നത്. പിന്നീട് 1999ല്‍ ഇവര്‍ വേര്‍പിരിഞ്ഞെങ്കിലും 2004 ല്‍ ഒന്നിച്ചു. 2018 ലാണ് ദമ്പതികള്‍ വീണ്ടും ഡിവോഴ്സ് ഫയല്‍ ചെയ്യുന്നത്. 21 വയസ്സുള്ള എലിയറ്റ്, 8 വയസ്സുകാരിയായ ഹെലന്‍ എന്നിവരാണ് ഇവരുടെ മക്കള്‍.