ധാക്ക: കുട്ടികളടക്കം 300 ലധികം റോഹിംഗ്യൻ അഭയാർഥികളെ കോക്സ് ബസാർ ജില്ലയിലെ ക്യാമ്പുകളിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടതായി അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചകളോളം കടലിൽ കുടുങ്ങിയ റോഹിംഗ്യകളെ ബംഗ്ലാദേശ് നാവികസേന രക്ഷപ്പെടുത്തയിരുന്നു. 2020 മെയ് ആദ്യവാരത്തിൽ ഭാഷാൻ ചാർ ദ്വീപിലാണവർ മാറ്റിപ്പാർപിക്കപ്പെട്ടത്. തെക്കൻ തീരത്തെ ഈ ദ്വീപ് മൺസൂൺ കൊടുങ്കാറ്റ് ഭിഷണിയിലാണ്.
കോക്സ് ബസാറിലെ ക്യാമ്പിലെ 308 അഭയാർഥികൾക്ക് കൊവിഡ് ബാധയുണ്ടായി. തുടർന്ന് ബംഗാൾ ഉൾക്കടലിലെ ഭാഷാൻ ചാർ ദ്വീപിലേക്ക് അഭയാർത്ഥികളെ മാറ്റിയെന്നാണ് ബംഗ്ലാദേശ് സർക്കാരിൻ്റെ വിശദീകരണം.
കൊവിഡു രോഗ ക്വാറൻ്റയൻ കാലം കഴിഞ്ഞിട്ടും അവരെ ഇനിയും കോക്സ് ബസാർ ക്യാമ്പിലേക്ക് മടക്കി കൊണ്ടുവരുവാനുള്ള നടപടികൾ ബംഗ്ലാദേശ് സർക്കാർ ഇനിയും കൈകൊണ്ടിട്ടില്ല. ഇത്തരമൊരു പശ്ചാത്തലിലാണ് ഇക്കാര്യത്തിൽ ഹ്യൂമൻ റൈറ്റ് വാച്ച് ഗ്രൂപ്പിൻ്റെ ഇടപ്പെടൽ. കൊവിഡ് -19 മഹാമാരിയുടെ മറയിൽ അഭയാർഥികളെ മൺസൂൺ കൊടുങ്കാറ്റ് ഭീഷണിക്ക് വിട്ടുകൊടുക്കുകയാണ് ബംഗ്ലാദേശ് അധികൃതർ. അഭയാർത്ഥികളുടെ സുരക്ഷക്കാര്യത്തിൽ നിന്ന് ബംഗ്ലാദേശ് ഒഴിഞ്ഞുമാറുകയാണ്. അഭയാർത്ഥികളുടെ കുടുംബങ്ങൾ ഉറ്റവരുടെ മടങ്ങിവരവിനായി പ്രാർത്ഥനയിലാണ് – എച്ച്ആർഡബ്ല്യു ഏഷ്യ ഡയറക്ടർ ബ്രാഡ് ആഡംസ് ഇന്ന് (ജൂലായ് 09) പ്രസ്താവനയിൽ പറഞ്ഞു.