കൊച്ചി: ഗോവയില്‍ നിന്നുള്ള യുവ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാര്‍ ഒപ്പിട്ടു. 26 കാരനായ ആല്‍ബിനോ ഒഡീഷ എഫ്സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്.
“വരാനിരിക്കുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം ഏറ്റവും ആവേശഭരിതമായ ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തമായ ദീർഘവീക്ഷണമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നതിനാൽതന്നെ ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടതെന്നെനിക്കുറപ്പുണ്ട്. എന്റെ ടീമംഗങ്ങളോടൊപ്പം ചേരാനും സീസണിനായി തയ്യാറെടുപ്പ് ആരംഭിക്കാനും ഞാൻ കാത്തിരിക്കുകയാണ് ”- ആൽബിനോ പറഞ്ഞു.
സാല്‍ഗോക്കര്‍ താരമായിരുന്ന ആല്‍ബിനോ 2015 ല്‍ മുംബൈ സിറ്റി എഫ്സിയിലൂടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. 2016-17ലെ ഐലീഗ് സീസണില്‍ ലോണിലൂടെ ഐസ്വാള്‍ എഫ്സിയില്‍ ചേര്‍ന്നു.
ആ സീസണില്‍ എട്ട് ക്ലീന്‍ ഷീറ്റുകളോടെ ഐ-ലീഗില്‍ ക്ലബ്ബിന് കിരീടം ഉയര്‍ത്താന്‍ സഹായിക്കുന്നതായി അല്‍ബിനോയുടെ പ്രകടനം. 2016 ല്‍ എഎഫ്സി അണ്ടര്‍ 23 യോഗ്യതാ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടര്‍ 23 ടീമില്‍ അംഗമായിരുന്നു ആല്‍ബിനോ.