കോട്ടയം: കോട്ടയംജില്ലക്കാരായ 17 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർ വിദേശത്തു നിന്നും അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയിലെ രണ്ട് ആരോഗ്യ പ്രവർത്തകരും രോഗബാധിതരിൽ ഉൾപ്പെടുന്നു.
നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ഭാര്യമാരായ രണ്ടു പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 11 പേർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. രണ്ടു പേർക്ക് നേരത്തെ വിദേശത്തുവച്ച് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ ചികിത്സ കഴിഞ്ഞ് സാമ്പിൾ പരിശോധനാഫലം നെഗറ്റീവായശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ടാമത്തെയാൾ ചികിത്സയ്ക്കുശേഷം പരിശോധന നടത്തിയിരുന്നില്ല. മുംബൈയിൽ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന യുവതിയും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.
നിലവിൽ 128 പേരാണ് വൈറസ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. പാലാ ജനറൽ ആശുപത്രി-35 , കോട്ടയം ജനറൽ ആശുപത്രി-37, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി -25, മുട്ടമ്പലം ഗവൺമെന്റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-15 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-13 എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി-1, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി-1, ഇടുക്കി മെഡിക്കൽ കോളജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.