ന്യൂ ഡല്‍ഹി: ഒമ്പത് മുതല്‍ 12ാം ക്ലാസ് വരെയുള്ള സിലബസില്‍ നിന്ന് നിര്‍ണ്ണായക പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ. 11ാം ക്ലാസിലെ സിലബസില്‍ നിന്നാണ് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും മതേതരത്വത്തെ കുറിച്ചും പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയത്. കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പഠനഭാരം കുറക്കുന്നതിനായി സിലബസില്‍ 30 ശതമാനം ഒഴിവാക്കുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു.
12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് സെക്യൂരിറ്റി ഇന്‍ ദ കണ്ടംപററി വേള്‍ഡ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ്, സോഷ്യല്‍ ആന്‍ഡ് ന്യൂ സോഷ്യല്‍ മൂവ്‌മെന്റ് ഇന്‍ ഇന്ത്യ തുടങ്ങിയ പാഠഭേദങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വിവരിക്കുന്ന ഭാഗവും നീക്കം ചെയ്തു.
ഒമ്പതാം ക്ലാസിലെ സിലബസില്‍ നിന്നാണ് ജനാധിപത്യ അവകാശങ്ങളും ഇന്ത്യന്‍ ഭരണഘടനയും എന്ന ഭാഗം ഒഴിവാക്കിയത്. എക്കണോമിക് സിലബസില്‍ നിന്ന് ഫുഡ് സെക്യൂരിറ്റി ഇന്‍ ഇന്ത്യ എന്ന ഭാഗവും ഒഴിവാക്കി. പത്താം ക്ലാസിലെ സിലബസില്‍ നിന്ന് ജനാധിപത്യവും വൈവിധ്യവും, ജാതി, മതം, ലിംഗം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി തുടങ്ങിയ ഭാഗങ്ങളും നീക്കിയിട്ടുണ്ട്.