ഡല്‍ഹി: ലോക്ക്ഡൗണിനുശേഷം പുതിയ സാമ്പത്തിക പാക്കേജ് നടപ്പിലാക്കുന്നതോടുകൂടി വാണിജ്യ മേഖല കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രമുഖ വാണിജ്യ സംഘടനയായ എഫ്.ഐ.സി.സി.ഐയും ധ്രുവ ഉപദേശകരും സംയുക്തമായി നടത്തിയ സര്‍വേയില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ 30% കമ്പനികളും അടുത്ത ഘട്ടത്തില്‍ 45% കമ്പനികളും തങ്ങളുടെ പ്രവര്‍ത്തനശേഷിയുടെ 70 ശതമാനം ഉപയോഗിക്കുമെന്നും സര്‍വെയില്‍ കണ്ടെത്തി. ജൂണില്‍ നടത്തിയ സര്‍വേയില്‍ വിവിധ മേഖലകളില്‍ നിന്നായി നൂറിലധികം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസേഴ്‌സ് പങ്കെടുത്തു.
ലോക്ക് ഡൗണിനുശേഷം കയറ്റുമതി, ക്യാഷ് ഫ്‌ലോ തുടങ്ങിയ രംഗത്ത് വന്‍ കുതിച്ച് കയറ്റമുണ്ടാവുമെന്നും സര്‍വെയില്‍ പറയുന്നു. സര്‍വെയില്‍ 22 ശതമാനം പേര്‍ കയറ്റുമതിയും 25 ശതമാനം പേര്‍ ഓര്‍ഡര്‍ ബുക്കുകളും 30 ശതമാനം പേര്‍ ക്യാഷ് ഫ്‌ലോയും കൂടിയെന്ന് അഭിപ്രായപ്പെട്ടു.
എന്നാല്‍ ഏപ്രിലില്‍ നടത്തിയ സര്‍വെയില്‍ 5 ശതമാനംപേര്‍ കയറ്റുമതിയിലും 7 ശതമാനം പേര്‍ ഓര്‍ഡര്‍ ബുക്കിലും 10 ശതമാനം പേര്‍ ക്യാഷ് ഫ്‌ലോയിലും വളര്‍ച്ച പ്രതീക്ഷിച്ചിരുന്നുള്ളു. വാണിജ്യ മേഖല പ്രതീക്ഷിച്ച നിലയിലേക്ക് എത്തിയെന്ന് പ്രസിഡന്റ സംഗീത റെഡ്ഡി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത്, നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ ബിസിനസ്സ് സംരംഭകരെ പിന്തുണയ്ക്കുന്ന എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുമെന്നും സംഗീത റെഡ്ഡി പറഞ്ഞു.