സതാംപ്ടണ്‍: മൂന്നരമാസത്തെ ഇടവേളയ്ക്കുശേഷം ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റിന് നാളെ തുടക്കം കുറിക്കുന്നു. മൂന്ന് മത്സരങ്ങളുള്‍പ്പെടുന്ന ഇംഗ്ലണ്ട്-വെസ്റ്റ്ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ സതാംപ്ടണിലെ ദ റോസ് ബൗള്‍ സ്റ്റേഡിയം സാക്ഷിയാകും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കാണികളില്ലാതെയാണ് മത്സരം നടക്കുക.
ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നുമുതല്‍ സതാംപ്ടണിലാണ് മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന പരമ്പരയാണിത്. രണ്ടും മൂന്നും ടെസ്റ്റുകള്‍ ഓള്‍ഡ് ട്രാഫഡില്‍ നടക്കും.
കാണികളെ മാറ്റിനിര്‍ത്തിയുള്ള മത്സരങ്ങള്‍ ലൈവ് സംപ്രേക്ഷണവും ഓണ്‍ലൈന്‍ സ്ട്രീമിംഗും നടക്കുമെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സോണി ചാനലിനാണ് ഇസിബി കരാര്‍ നല്‍കിയിരിക്കുന്നത്. കളിക്കാര്‍ക്ക് ആവേശം പകരാന്‍ കാണികളുടെ ആരവങ്ങളും കയ്യടികളും സ്പീക്കറിലൂടെ സ്റ്റേഡിയത്തില്‍ കേള്‍പ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ടെസ്റ്റിനുവേണ്ടിയുള്ള വെസ്റ്റിന്‍ഡീസ് ടീം ഒരു മാസംമുമ്പ് ഇംഗ്ലണ്ടിലെത്തിയിരുന്നു. മൂന്നാഴ്ചത്തെ ക്വാറന്റീനും അതിനുശേഷം പരിശോധനയും പൂര്‍ത്തിയാക്കിയാണ് ടീം മത്സരത്തിനിറങ്ങുന്നത്. മത്സരത്തിനിടെ ബൗളര്‍മാര്‍ പന്തിന് മിനുസം കൂട്ടാന്‍ തുപ്പല്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കളിക്കാര്‍ തമ്മില്‍ കൈകൊടുക്കലും കെട്ടിപ്പിടിച്ചുള്ള ആഘോഷങ്ങളും ഉണ്ടാകില്ല. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരന്‍ കോവിഡ് ലക്ഷണം കാണിച്ചാല്‍ ഇതേ സ്ഥാനത്ത് കളിക്കാന്‍ പറ്റിയ പകരക്കാരനെ ഇറക്കാം.
വെസ്റ്റ്ഇന്‍ഡീസിന് ഇത് കടുത്ത പോരാട്ടമാണെന്നും ടീമിന് അഞ്ച് ദിവസം പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്നും മുന്‍ വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ പറഞ്ഞു. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ലീഡ് ഉയര്‍ത്താനാണ് നോക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ 146 പോയന്‍റോടെ മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. എന്നാല്‍ വെസ്റ്റന്‍റീസിന് ഇതുവരെ പട്ടികയില്‍ ഇടംപിടിക്കാനായിട്ടില്ല.
കോവിഡിനിടെ നിര്‍ത്തിവെച്ച ഫുട്ബോള്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടിലും സ്‌പെയിനിലും ഇറ്റലിയിലുമെല്ലാം പുനരാരംഭിച്ചതിനുപിന്നാലെയാണ് ക്രിക്കറ്റ് മത്സരങ്ങളും തുടങ്ങുന്നത്.