കൊളംബോ: കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ ശ്രീലങ്കയുടെ ക്രിക്കറ്റ് താരം കുശാൽ മെൻഡിസ് അറസ്റ്റിൽ. കൊളംബോയിലെ പാനാദുരയിൽവെച്ച് രാവിലെ 5.30നാണ് കുശാലിന്റെ കാറിടിച്ച് 64കാരനായ സൈക്ലിസ്റ്റ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ കൊളംബോയിലെ പനദുരയിലാണ് സംഭവം. മെന്‍ഡിസിനെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ കുശാൽ മെൻഡിസ് ശ്രീലങ്കയ്ക്കായി 44 ടെസ്റ്റ് മത്സരങ്ങളും 76 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഇതുവരെ 2995 റൺസും ഏകദിനത്തിൽ 2167 റൺസും 25-കാരന്റെ അക്കൗണ്ടിലുണ്ട്. 26 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 484 റൺസും നേടി.
കോവിഡ്-19 പ്രതിസന്ധിക്ക് ശേഷം പരിശീലനം തുടങ്ങിയ ശ്രീലങ്കൻ ടീമിന്റെ ക്യാമ്പിൽ കുശാലമുണ്ടായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ലങ്കൻ പര്യടനം അടക്കമുള്ള മത്സരങ്ങളെല്ലാം മാറ്റിവെച്ചിരിക്കുകയാണ്.
2003-ൽ ലങ്കയുടെ മുൻ സ്പിൻ ബൗളർ കുശാൽ ലോകൗറാച്ചിയെ പോലീസ് വാഹനപകടക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു.