മലയാളികള്‍ എല്ലാം മറന്ന് പൊട്ടിച്ചിരിച്ച ചിത്രമാണ് സി.ഐ.ഡി മൂസ. കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ഒരുപോലെ ആസ്വദിച്ച ചിത്രം.സിനിമ പുറത്തിറങ്ങിയിട്ട് ഇന്ന് 17 വര്‍ഷം തികയുന്നു. ഈ അവസരത്തില്‍ സിനിമയുടെ സംവിധായകന്‍ ജോണി ആന്റണി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ജോണി ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നമസ്‌കാരം, ഇന്ന് ജൂലൈ നാല് … 17 വര്‍ഷം മുന്നേ 2003 ജൂലൈ 4ന് ആണ് ‘ CID മൂസ ‘ എന്ന എന്റെ ആദ്യ സിനിമയും ഞാന്‍ എന്ന സംവിധായകനും പിറവി കൊണ്ടത്. ഈ അവസരത്തില്‍ ഞാന്‍ ആദ്യം ഓര്‍ക്കുന്നത് ഏതൊരു തുടക്കകാരന്റെയും ഒരുപാട് നാളത്തെ അലച്ചിലുകള്‍ക്കും കഷ്ടപാടുകള്‍ക്കും ഒടുവില്‍ ആദ്യമായി എനിക്ക് ഒരു സിനിമ ചെയ്യാന്‍ അവസരം തന്ന ദിലീപിനെയും ആ സിനിമ നിര്‍മിക്കാന്‍ തയ്യാറായ അനൂപിനെയും ആണ്.
അതുപോലെ എന്റെ മനസ്സിനിണങ്ങിയ ഒരു തിരക്കഥ എനിക്ക് നല്‍കിയ പ്രിയപ്പെട്ട എന്റെ എഴുത്തുകാര്‍ ഉദയനും സിബിയും. മോണിറ്റര്‍ പോലും ഇല്ലാതിരുന്ന കാലത്ത് എന്റെ കണ്ണും മനസ്സും ആയി പ്രവര്‍ത്തിച്ച ഗുരുതുല്യനായ പ്രിയപ്പെട്ട ക്യാമറാമാന്‍ സാലുവേട്ടന് , മികച്ച ചിത്രസംയോജനത്തിലൂടെ ആ വര്‍ഷത്തെ സ്റ്റേറ്റ് അവാര്‍ഡ് നേടിയ എന്റെ പ്രിയ രഞ്ജന്‍ എബ്രഹാമിന് ,കേള്‍ക്കുന്ന ഏതൊരാളും മൂളിപ്പോകുന്ന തരത്തില്‍ ജനകീയമായ ഗാനങ്ങള്‍ തന്ന് എന്നെ അനുഗ്രഹിച്ച വിദ്യാസാഗര്‍ സാറിനും ഗിരീഷേട്ടനും ,ആ പാട്ടുകള്‍ക്ക് അഴകേറുന്ന ചുവടുകള്‍ സംവിധാനം ചെയ്ത് തന്ന പ്രസന്ന മാസ്റ്റര്‍ക്കും , ഈ സിനിമയിലെ ഫൈറ്റ് മാസ്റ്റെര്‍സ് ആയ ത്യാഗരാജന്‍ മാസ്റ്റര്‍ക്കും മാഫിയ ശശിയേട്ടനും , നല്ല കലാസംവിധാനത്തിലൂടെ ആ സിനിമയ്ക്ക് ഭംഗി കൂട്ടിയ പ്രിയപെട്ട ബാവയ്ക്ക് ,മേക്കപ്പ് ചെയ്ത ശങ്കരേട്ടനും , വസ്ത്രാലങ്കാരം നിര്‍വഹിച്ച സായിക്കും മനോജ് ആലപ്പുഴയ്ക്കും ,കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സ്വാധീനം തീരെയില്ലായിരുന്ന ആ കാലത്തും അത്യാധുനിക സാങ്കേതികതയുടെ പുത്തന്‍ വശങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച കമല കണ്ണന്.
റിലീസിന്റെ ഓട്ടപാച്ചിലിനിടയില്‍ വെറും 24 മണിക്കൂര്‍ കൊണ്ട് മിക്‌സിങ് പൂര്‍ത്തിയാക്കി തന്ന AVMലെ രവി സാറിനോട് , ആ സിനിമ സമാധാനമായി പൂര്‍ത്തീകരിക്കാന്‍ എന്നെ സഹായിച്ച പ്രിയപെട്ട ആല്‍വിന്‍ ആന്റണിക്കും, ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ച മെറിലാന്‍ഡ് യൂണിറ്റിനും പിന്നെ അസാമാന്യമായ അഭിനയ മികവിലൂടെ നിങ്ങളെ പൊട്ടിചിരിപ്പിച്ച കയ്യടിപ്പിച്ച ഇന്ന് നമ്മളെ വിട്ടുപിരിഞ്ഞ മുരളി ചേട്ടന്‍, ഹനീഫിക്ക ,ക്യാപ്റ്റന്‍ രാജുച്ചായന്‍, ഒടുവില്‍ ഉണ്ണികൃഷ്ണേട്ടന്‍ ,സുകുമാരി ചേച്ചി,മച്ചാന്‍ വര്‍ഗീസ് ,പറവൂര്‍ ഭരതന്‍ പിന്നെ അപകടം വരുത്തിയ ആരോഗ്യ സ്ഥിതിയില്‍ നിന്ന് എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ എന്ന് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്ന പ്രാര്‍ത്ഥിക്കുന്ന നമ്മുടെ പ്രിയപെട്ട അമ്പിളി ചേട്ടന് ( ജഗതി ശ്രീകുമാര്‍ ), പ്രിയപെട്ട ഹരിശ്രീ അശോകന്‍ ചേട്ടന്, സലിം കുമാര്‍ ,ഇന്ദ്രന്‍സ് ഏട്ടന്‍ , വിജയരാഘവന്‍ ചേട്ടന്‍ , ആശിഷ് വിദ്യാര്‍ത്ഥി , ശരത് സക്‌സേന , ഭാവന , കസാന്‍ ഖാന്‍ ,സുധീര്‍ ,റെയ്സ് ,ബിന്ദു പണിക്കര്‍ ,നാരായണന്‍ കുട്ടി ചേട്ടന്‍ എന്നിവരൊടൊപ്പം ഇവരെയൊക്കെ കടത്തി വെട്ടി സ്‌ക്രീനില്‍ കയ്യടി നേടിയ ഞങ്ങളുടെ പ്രിയപെട്ട നായക്കുട്ടി അര്‍ജുനും.
ഞങ്ങളുടെ സിനിമയെ നല്ല രീതിയില്‍ വിതരണം ചെയ്ത ഹംസക്കയ്ക്കും സേവ്യറേട്ടനും , അതുപോലെ ആ സിനിമയെ നന്നായി പ്രദര്‍ശിപ്പിച്ച എല്ലാ തിയറ്റര്‍ ഉടമകളോടും എല്ലാത്തിനും പുറമേ CID മൂസ എന്ന സിനിമയെ അന്നും ഇന്നും എന്നും നെഞ്ചിലേറ്റി സൂക്ഷിക്കുന്ന ഓരോ പ്രേക്ഷകര്‍ക്കും ,പിന്നെ ഞാന്‍ എന്ന സംവിധായാകന്‍ ഉണ്ടാവണം എന്നും എന്റെ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റ് ആവണം എന്നും ഏറ്റവും അധികം ആഗ്രഹിച്ച എന്നെ സിനിമയില്‍ എത്തിച്ച കഴിഞ്ഞ വര്‍ഷം നമ്മളെ വിട്ടുപിരിഞ്ഞ എന്റെ പ്രിയപെട്ട ജോക്കുട്ടനും അങ്ങനെ എല്ലാവരോടും ഈ പിറന്നാള്‍ ദിനത്തില്‍ ഹൃദയത്തില്‍ തൊട്ടു ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു … നന്ദി ! നന്ദി ! നന്ദി
സ്‌നേഹത്തോടെ
ജോണി ആന്റണി