ജനീവ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിൻ്റെ ഉറവിടം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കാൻ ലോക ആരോഗ്യ സംഘടന അന്വേഷണ സംഘത്തെ നിയോഗിച്ചു. വൈറസിൻ്റെ വ്യാപനത്തെപ്രതി വിവരങ്ങൾ നൽകാൻ ചൈന കാലതാമസം വരുത്തിയെന്ന ആക്ഷേപങ്ങൾ നിലനിൽക്കവേയാണ് ഈ തീരുമാനം. ലോകാരോഗ്യ സംഘടനാ സംഘം അടുത്തയാഴ്ച ചൈന സന്ദർശിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ആറുമാസം മുമ്പ് വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ ‘വൈറൽ ന്യുമോണിയ’ കേസുകൾ സംബന്ധിച്ച് വിവരങ്ങൾ ലോകാരോഗ്യ സംഘനയുടെ ചൈനീസ് ഓഫിസിന് കൈമാറിയിരുന്നു. ഇതിൻ്റെ പിന്തുടർച്ചയെന്നോണമാണ് ദൗത്യസംഘത്തെ അയ്ക്കാനുള്ള തീരുമാനം.
കോവിഡ് – 19 ലോകത്ത് ഇതിനകം 500000ത്തിലധികം ജീവനുകളെടുത്തു. രോഗവ്യാപന തോതും മരണനിരക്കും ഇപ്പോഴും ദിനേനെ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. സന്ദർശനത്തിനായി ലോകാരോഗ്യ സംഘടന ചൈനീസ് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. 2019 ഡിസംബർ 31 ന് വുഹാനിൽ നിന്ന് സാധാരണ ന്യൂമോണിയ കേസുകൾ പൊട്ടിപ്പുറപ്പെട്ടതായി ചൈനീസ് സർക്കാർ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഡോ.സ്വാമിനാഥൻ പറഞ്ഞു.