വാഷിങ്ടണ്‍: ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായി നിലനില്‍ക്കെ ചൈനീസ് കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് യുഎസ്. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണ് നിര്‍ണ്ണായക നീക്കം. യു.എസ്.എസ്. റൊണാള്‍ഡ് റീഗന്‍, യു.എസ്.എസ്. നിമിറ്റ്‌സുമാണ് സൈനികാഭ്യാസങ്ങള്‍ക്കായി എത്തുന്നത്.
യു.എസുമായി വ്യാപാര തര്‍ക്കത്തിലും കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ചൈനക്ക് കടുത്ത സന്ദേശം നല്‍കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. ‘പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഞങ്ങളുടെ പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും വ്യക്തമായ സൂചന കാണിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.’ യു.എസ്. റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം.വൈകോഫ് പറഞ്ഞതായി യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ അഭ്യാസപ്രകടനങ്ങള്‍ക്കുള്ള പ്രതികരണമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണ ചൈന കടലില്‍ എവിടെയാണ് യു.എസ്. അഭ്യാസപ്രകടനങ്ങള്‍ നടത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പം നാല് യുദ്ധകപ്പലുകളും ചുറ്റും യുദ്ധവിമാനങ്ങളുമുണ്ടാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പൈന്‍ കടലിലും ചൈന കടലിലും യു.എസ്. സൈനികാഭ്യാസം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിയറ്റ്‌നാമും ചൈനയും അവകശവാദം ഉന്നയിക്കുന്ന പാരസെല്‍ ദ്വീപുകള്‍ക്ക് സമീപം ജൂലായ് ഒന്നു മുതല്‍ അഞ്ച് ദിവസത്തെ അഭ്യാസപ്രകടനങ്ങള്‍ ചൈന ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ ഈ നീക്കത്തിനെതിരെ വിയറ്റ്‌നാമും ഫിലിപ്പിന്‍സും കടുത്ത വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. ദക്ഷിണ ചൈന കടലിനെ ചൈന ചെറുതാക്കുന്നുവെന്നും അയല്‍ക്കാരെ ഭയപ്പെടുത്തി വ്യാപകമായ എണ്ണ, വാതക ശേഖരം ചൂഷണം ചെയ്യുന്നുവെന്നും യു.എസും ആരോപണമുന്നയിച്ചിരുന്നു.