കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണം ശ്രീലങ്കന്‍ പോലീസ് അവസാനിപ്പിച്ചു. കുമാർ സംഗക്കാരയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക ഫൈനലിൽ ഇന്ത്യയോട് 6 വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. എന്നാൽ ഫൈനൽ നിശ്ചയിച്ചത് ‘ചില പാർട്ടികൾ’ ആണെന്ന് മുൻ കായിക മന്ത്രി മഹീന്ദാനന്ദ അലുത്ഗാമേജ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. തെളിവുകളൊന്നും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന്‍ അന്വേഷണം പോലീസ് അവസാനിപ്പിച്ചു.
ആരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന അരവിന്ദ ഡിസില്‍വ, ലങ്കന്‍ താരം ഉപുള്‍ തരംഗ, മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ എന്നിവരെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇത് വ്യാഴാഴ്ച എസ്‌എൽസി ഓഫീസിന് പുറത്ത് പ്രതിഷേധത്തിനിടയാക്കി.
ആരോപണം തെളിയിക്കുന്ന യാതൊരു തെളിവുകളും കണ്ടെത്താനായില്ലെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
“ഞങ്ങൾക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകിയ കായിക മന്ത്രാലയ സെക്രട്ടറിക്ക് ഞങ്ങൾ റിപ്പോർട്ട് അയയ്ക്കും. ഇന്ന് നടന്ന ആഭ്യന്തര ചർച്ചയെ തുടർന്നാണ് ഞങ്ങൾ അന്വേഷണം അവസാനിപ്പിച്ചത് “, കായികവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക അന്വേഷണ യൂണിറ്റിന്റെ ചുമതലയുള്ള പോലീസ് സൂപ്രണ്ട് ജഗത് ഫൊന്‍സേക മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അലുത്ഗാമേജ ഉന്നയിച്ച 14 ആരോപണങ്ങൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ഫൊന്‍സേക പറയുന്നു.
“കളിക്കാരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതിന്റെ കാരണമൊന്നും ഞങ്ങൾ കാണുന്നില്ല. ഫൈനലിൽ പെട്ടെന്നുള്ള ടീമിന്‍റെ മാറ്റങ്ങളുടെ കാരണങ്ങൾ കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ, ഉപുള്‍ തരംഗ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് തൃപ്തികരമായ മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ എല്ലാ കളിക്കാരെയും വിളിക്കുന്നത് അനാവശ്യ കോലാഹലമുണ്ടാക്കുമെന്ന് ഞങ്ങൾക്ക് തോന്നി”, ഫൊന്‍സേക പറഞ്ഞു.
2011 ലോകകപ്പില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തെ തുടര്‍ന്നാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്.
നേരത്തെ 1996-ല്‍ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകന്‍ അര്‍ജുന രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഫൈനല്‍ നടക്കുമ്പോള്‍ കമന്റേറ്ററായി രംണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ക്യാച്ചുകള്‍ കൈവിടുന്നത് അടക്കമുള്ള ഫീല്‍ഡിങ് പിഴവുകള്‍ നോക്കുമ്പോള്‍ ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.