കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന. ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ വാടാനപ്പള്ളി സ്വദേശിയായ സ്ത്രീയെയും ജൂണ്‍ 20ന് ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെയും ഇന്ന് ചോദ്യം ചെയ്യും. മോഡലുകളുടെ പരാതിയിലുള്ള അറസ്റ്റും ഇന്നുണ്ടായേക്കും.
ഒരു നിര്‍മ്മാതാവ് വീട്ടില്‍ വന്നിരുന്നുവെന്ന് ഷംന പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ജൂണ്‍ 20നാണ് ഈ നിര്‍മ്മാതാവ് ഷംനയുടെ വീട്ടിലെത്തിയത്. ഷംന ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ വീട്ടുകാര്‍ നടിയെ ബന്ധപ്പെട്ടപ്പോള്‍ ഒരു നിര്‍മ്മാതാവിനേയും താന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ഷംന പറഞ്ഞത്.
വീട്ടുകാര്‍ നിര്‍മ്മാതാവിനെ ഇക്കാര്യം അറിയിച്ചപ്പോള്‍ കൈയിലുള്ള ഫോണ്‍ കാണിച്ച് വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് ഷംന തനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വന്നതെന്നും ഇയാള്‍ പറഞ്ഞു. പൊലീസിന് നല്‍കിയ മൊഴിയില്‍ ഷംന ഇക്കാര്യം പറയുകയും ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനിച്ചത്.